നെഹ്‌റു ക്രിമിനല്‍, മോദിയെയും അമിത് ഷായെയും ഓര്‍ത്ത് അഭിമാനിക്കുന്നവര്‍ രാജ്യസ്നേഹികള്‍: പ്രഗ്യാ സിംഗ് ഠാക്കൂര്‍

single-img
19 August 2019

ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി നെഹ്റുവിനെ ക്രിമിനലെന്ന് വിളിച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയതിലൂടെ നെഹ്റു ക്രിമിനലായെന്ന് പ്രഗ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞു. മാത്രമല്ലമാതൃരാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചവരെല്ലാം ക്രിമിനലുകളാണെന്നും അവര്‍ പറഞ്ഞു. ഇപ്പോഴത്തെ സര്‍ക്കാര്‍ 370, 35എ വകുപ്പുകള്‍ റദ്ദാക്കിയതിലൂടെ നമ്മുടെ രാജ്യം അഭിമാനിക്കുകയാണ്.

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഓര്‍ത്ത് അഭിമാനിക്കുന്നവര്‍ രാജ്യസ്നേഹികളാണെന്നും ഭോപ്പാലില്‍ നിന്നുള്ള എംപി പറഞ്ഞു. നേരത്തേ, കാശ്മീരിന് പ്രത്യേക പദവി നല്‍കിയ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ക്രിമിനലാണെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വിശേഷിപ്പിച്ചിരുന്നു.

അതേസമയം നെഹ്റുവിനെതിരെ നടത്തിയ പ്രഗ്യയുടെ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ‘പ്രഗ്യ സിംഗ് ഠാക്കൂറിന്റെ ഒരിക്കലും ചരിത്രം മറച്ചുവെക്കാനാകില്ല. അവരുടെ ഉള്ളിലുള്ള ഗോഡ്സെയാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് പ്രഗ്യാ സിംഗ് ഠാക്കൂറും ശിവരാജ് സിംഗ് ചൗഹാനും. ഇനി ചിലപ്പോള്‍ അവര്‍ ഗാന്ധിക്കെതിരെ മോശം വാക്കുകള്‍ പറയും. ചിലപ്പോള്‍ നെഹ്റുവിനെതിരെയും’.-കോണ്‍ഗ്രസ് നേതാവ് ശോഭ ഒസ പറഞ്ഞു.