കുട്ടികള്‍ ഉണ്ടാകുന്നത് എങ്ങിനെ എന്നറിയില്ല; ശരീരഭാഗങ്ങളെക്കുറിച്ചുള്ള പാഠഭാഗത്ത് ലിംഗവും യോനിയുമെല്ലാം ഒഴിവാക്കി തെലങ്കാന പത്താംതരം ബയോളജി പുസ്തകം

single-img
18 August 2019

കുട്ടികള്‍ ഉണ്ടാകുന്നത് ഇപ്പോഴും അറിയാത്ത കാര്യമെന്ന് തെലുങ്കാനയിലെ പത്താംക്ലാസ് പാഠപുസ്തകം. തെലുങ്കാനയില്‍ എസ്സി.ആര്‍ടി പുറത്തിറക്കിയ പത്താം ക്ലാസിലെ ബയോളജി പാഠ പുസ്തകത്തിലാണ് പ്രസവം ഇതുവരെയും കണ്ടുപിടിക്കപ്പെടാത്ത രഹസ്യമാണെന്ന് എഴുതിച്ചേര്‍ത്തിരിക്കുന്നത്. സയന്‍സില്‍ ബയോളജി പുസ്തകത്തിന്റെ 126ാം പേജിലാണ് ഈ ‘അതിഗൂഢ രഹസ്യ’ത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്.

എങ്ങിനെയാണ് കുട്ടികള്‍ ജനിക്കുന്നത് എന്ന് വിശദമാക്കുന്ന പാഠഭാഗത്ത് ഭൂരിപക്ഷം അവസരങ്ങളിലും കുട്ടിയുടെ തലയാണ് ആദ്യം പുറത്തുവരുന്നതെന്ന് പറയുന്നു. ‘കുഞ്ഞുങ്ങള്‍ പിറക്കുന്ന പ്രവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. അത് എങ്ങിനെയാണ് സംഭവിക്കുന്നതെന്നും അറിയില്ല’. രാജ്യത്തെ വിദഗ്ധരെയടക്കം അമ്പരപ്പിച്ചാണ് പാഠപുസ്തകം പ്രസവത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതെന്ന് ടെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഇത് മാത്രമല്ല, പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിരവധി തെറ്റായ വിവരങ്ങളുടെയും തെറ്റിദ്ധാരണകളുടെയും ഒരു ഉദാഹരണം മാത്രമാണ് ഇതെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന പാഠപുസ്തകത്തിലാണ് ഇത്തരം തെറ്റുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഹൈസ്കൂള്‍ എട്ടാംക്ലാസിലെ ബയോളജി പുസ്തകത്തില്‍ ശൈശവ വിവാഹം സാമൂഹിക വിപത്താകുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന ഭാഗമുണ്ട്. ശൈശവ വിവാഹം മൂലമുള്ള പ്രശ്‌നങ്ങളും നിയമവശങ്ങളും വ്യക്തമാക്കേണ്ട ഈ ഭാഗത്ത് പക്ഷേ, പാഠ പുസ്തകത്തില്‍ തലക്കെട്ടിന് താഴെ വിവരിക്കുന്നത് വിവാഹത്തിന്റെ സാമൂഹിക പരിസരങ്ങളെക്കുറിച്ചാണ്.

‘രാജ്യത്തിനായി അടുത്ത തലമുറയെ നല്‍കുന്നതിനുവേണ്ടി നടത്തുന്ന സാമൂഹികവും സാംസ്‌കാരികവുമായ ആചാരമാണ് വിവാഹം. അതേപോലെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുള്ള വിവാഹം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവക്കാറുണ്ട്’, ഇതാണ് ശൈശവ വിവാഹത്തെക്കുറിച്ച് പാഠപുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വിവരം. പുസ്തകത്തിന്റെ രചയിതാക്കള്‍ കുട്ടികളോട് വിവാഹമെന്നാല്‍ രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി പ്രത്യുല്‍പാദന പ്രക്രിയയില്‍ ഏര്‍പ്പെടുന്ന പ്രവൃത്തിമാത്രമാണെന്ന് പറയുന്നതായി റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.