ആഷസിൽ പുതു ചരിത്രമെഴുതി സ്റ്റീവ് സ്മിത്ത്

single-img
18 August 2019

വിവാദമായ പന്ത് ചുരണ്ടലിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്
ഇപ്പോൾ നടക്കുന്ന ആഷസ് പരമ്പരയില്‍ ഗംഭീര ഫോമില്‍ തുടരുകയാണ്. ടൂർണമെന്റിൽ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടി ടീമിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്ത സ്മിത്ത് രണ്ടാം ടെസ്റ്റിലും മികവ് ആവര്‍ത്തിച്ചു.

ഇക്കുറി സെഞ്ച്വറി തികയ്ക്കാനായില്ലെങ്കിലും 92 റണ്‍സെടുത്ത് നിര്‍ണായക ഇന്നിങ്‌സ് കാഴ്ചവെച്ചാണ് മടങ്ങിയത്. കളിക്കിടെ പരിക്കേറ്റ് മടങ്ങിയ സ്മിത്ത് തിരിച്ചവന്നതിനുശേഷം 12 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പുറത്താകുന്നത്. ഇതോടെ ഇന്നേവരെയുള്ള ആഷസ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് സ്മിത്ത് എഴുതിച്ചേര്‍ക്കുകയും ചെയ്തു. തുടര്‍ച്ചയായി ഏഴ് തവണ 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്താണ് സ്മിത്ത് റെക്കോര്‍ഡിട്ടത്.

ഈ നേട്ടത്തിൽ ഒരു ഇരട്ട സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടുന്നു. ഇത്തവണത്തെ ആഷസിലെ ആദ്യ ടെസ്റ്റില്‍ 144, 142 എന്നിങ്ങനെയായിരുന്നു സ്മിത്തിന്റെ സ്‌കോര്‍.കളിയിൽ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തിന് 80 റണ്‍സെടുത്ത് നില്‍ക്കെ ജോഫ്ര ആര്‍ച്ചറിന്റെ ഒരു പന്ത് കഴുത്തില്‍ കൊണ്ട് പരിക്കേറ്റത് ആശങ്കയ്ക്കിടയാക്കി.

പരിക്ക്പറ്റിയ ഉടൻതന്നെ പിച്ചില്‍ കിടന്ന സ്മിത്ത് പ്രാഥമിക പരിശോധനയ്ക്കുശേഷം മടങ്ങുകയായിരുന്നു. പിന്നീട് തിരിച്ചെത്തി ഇന്നിംഗ്‌സിൽ 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനും കഴിഞ്ഞു. നിലവിൽ സ്മിത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന് ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ കഴിയുമെന്നും ഓസ്‌ട്രേലിയന്‍ ടീം മാനേജ്‌മെന്റ് അറിയിച്ചു.