സഭ അസത്യ പ്രചരണം നടത്തുന്നെന്ന് ലൂസി കളപ്പുര; വത്തിക്കാന് നൽകിയ പരാതിയുടെ പകർപ്പ് പുറത്ത്

single-img
18 August 2019

കൽപറ്റ: മഠത്തിൽ നിന്ന്​ പുറത്താക്കിയ നടപടിക്കെതിരെ സിസ്​റ്റർ ലൂസി കളപ്പുര വത്തിക്കാന് നൽകിയ പരാതിയുടെ പകർപ്പ് പുറത്ത്. വത്തിക്കാന്‍റെ ന്യൂഡൽഹിയിലുള്ള പൗരസ്ത്യ തിരുസംഘത്തിനാണ് ലൂസി കളപ്പുര പരാതി നൽകിയത്.  

അസത്യ പ്രചരണങ്ങളാണ് ഫ്രാൻസിസ്​കൻ ക്ലാരിസ്റ്റ്​ സന്യാസി സമൂഹം (എഫ്.സി.സി) നടത്തി കൊണ്ടിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തത് കൊണ്ടാണ് താൻ ഇരയാക്കപ്പെടുന്നത്. പുറത്താക്കൽ നടപടി റദ്ദാക്കി മുഴുവൻ സമയം സഭയിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും പരാതിയിൽ പറയുന്നു. 

താൻ നൽകിയ വിശദീകരണ കുറിപ്പ് മറച്ചുവെച്ചു കൊണ്ടുള്ള പ്രചരണമാണ് നടത്തുന്നത്. തന്‍റെ നിലപാടുകളെ തെറ്റായ വിധത്തിൽ സഭ വ്യാഖ്യാനിച്ചു. തനിക്കെതിരെ പകപോക്കൽ നടപടി നടത്തുകയായിരുന്നു. ദൈവ വചനത്തിനും ക്രൈസ്തവ വിശ്വാസത്തിനും വിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും ലൂസി കളപ്പുര പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 

സഭയിൽ നിന്ന്​ പുറത്താക്കപ്പെട്ട സിസ്​റ്റർ ലൂസി കളപ്പുര മഠം വിടണമെന്ന് ഫ്രാൻസിസ്​കൻ ക്ലാരിസ്റ്റ്​ സന്യാസി സമൂഹം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മഠം വിട്ടിറങ്ങണമെന്ന് ചൂണ്ടിക്കാട്ടി സിസ്​റ്റർ ലൂസി കളപ്പുരയുടെ മാതാവ് റോസമ്മക്ക് സന്യാസി സമൂഹം കത്ത് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലൂസി കളപ്പുര വത്തിക്കാന് പരാതി നൽകിയത്.