യുവാക്കളെ ആകര്‍ഷിക്കാനാവുന്നില്ല; ജനങ്ങളോട് കൂടുതല്‍ അടുക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണം; ആത്മവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

single-img
18 August 2019

സിപിഎമ്മിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് നേതാക്കളുടെ ശൈലീമാറ്റം അനിവാര്യമാണെന്ന് പാർട്ടിയുടെ തിരുവനന്തപുരത്ത് ആരംഭിച്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ പരാമർശം. പാർട്ടിയിലെ നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും നേതാക്കളുടെഇപ്പോഴുള്ള പെരുമാറ്റം ജനങ്ങളില്‍ അകല്‍ച്ച സൃഷ്ടിക്കുന്നതാണെന്നും സെക്രട്ടേറിയറ്റില്‍ വിലയിരുത്തലുണ്ടായി.

ഇത്തരത്തിൽ ജനങ്ങളുമായുള്ള അകല്‍ച്ച ഒഴിവാക്കി അവരോട് അടുക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്ന് സെക്രട്ടേറിയറ്റില്‍ സംസാരിച്ച പലരും ആവശ്യപ്പെട്ടു. അതേപോലെ പാർട്ടിയുടെ കൊല്‍ക്കത്ത പ്ലീനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലായില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. വിഷയത്തിൽ തെറ്റുതിരുത്തലിനായി കരട് രേഖകളില്‍ ചര്‍ച്ച ആരംഭിക്കുകയും ചെയ്തു.

പാര്‍ട്ടിയിലേക്ക് സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ മുന്‍പത്തെ പോലെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന വിലയിരുത്തല്‍ യോഗത്തിലുണ്ടായി. പ്രത്യേകിച്ച് യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാവുന്നില്ല. തുടർച്ചയായി ശ്രമിച്ചിട്ടും പാര്‍ട്ടിയിലെ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും സാധിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു.