ഭാര്യ കാമുകനൊപ്പം പോയതില്‍ പരാതിപ്പെട്ട ഭര്‍ത്താവിന് നഷ്ടപരിഹാരമായി ലഭിച്ചത് 71 ചെമ്മരിയാടുകൾ

single-img
18 August 2019

കാമുകന്‍റെ കൂടെ ഭാര്യ പോയതില്‍ പരാതി നല്‍കിയ ഭര്‍ത്താവിന് നഷ്ടപരിഹാരമായി ലഭിച്ചത് 71 ചെമ്മരിയാടുകൾ. ഇതില്‍ രസകരം എന്തെന്നാല്‍ ഭാര്യയുടെ കാമുകന്‍ തന്നെയാണ് ചെമ്മരിയാടുകളെ നല്‍കി പരാതി ഒത്തുത്തീര്‍പ്പാക്കിയത്. യുപിയിലെ ഗോരഖ്പൂരിലാണ് സംഭവം. പക്ഷെ, ഭാര്യയും ഭര്‍ത്താവും കാമുകനും ചേര്‍ന്ന് പ്രശ്നങ്ങള്‍ തീര്‍ത്തപ്പോള്‍ തന്‍റെ ചെമ്മരിയാടുകളെ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കാമുകന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കി.

ഗ്രാമത്തിലെ ഉമേഷ് പാല്‍ എന്ന യുവാവിനൊപ്പം സീമ പാല്‍ എന്ന യുവതിയാണ് ഒളിച്ചോടിയത്. അതോടെ ഭര്‍ത്താവ് രാജേഷ് പാല്‍ പരാതിയുമായി ഗ്രാമപഞ്ചായത്തിലെത്തി. പരാതിയില്‍ പറയുന്ന പ്രശ്നങ്ങള്‍ പഠിച്ച ശേഷം ഉമേഷ് പാല്‍ തനിക്കുള്ള പാതി ചെമ്മരിയാടുകളെ രാജേഷ് പാലിന് നല്‍കണമെന്ന് ഗ്രാമത്തലവന്‍ നിര്‍ദേശിച്ചു. അതിന്‍ പ്രകാരം 71 ചെമ്മരിയാടുകളെ ലഭിച്ചതോടെ രാജേഷ് പാല്‍ പരാതി പിന്‍വലിച്ചു.

തനിക്ക് കാമുകനൊപ്പം പോയാല്‍ മതിയെന്ന് ഭാര്യയും വ്യക്തമാക്കിയതോടെയാണ് പ്രശ്നങ്ങള്‍ ഇങ്ങനെ തീര്‍പ്പാക്കിയത്. പക്ഷെ, തന്‍റെ ആടുകളെയാണ് മകന്‍ അനുവാദമില്ലാതെ രാജേഷ് പാലിന് നല്‍കിയതെന്ന് ഉന്നയിച്ച് പിതാവ് രംഗത്ത് വരികയായിരുന്നു. പിതാവിന്റെ പരാതി ലഭിച്ചതോടെ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ചെമ്മരിയാടുകളെ ഉമേഷ് പാല്‍ സ്വന്തം ഇഷ്ടത്തോടെ നല്‍കിയതാണെന്നും മോഷ്ടിച്ചിട്ടില്ലെന്നുമാണ് രാജേഷ് പാല്‍ പറയുന്നത്.

അതേസമയം ഉമേഷ് പാലിന്‍റെ പിതാവ് എന്ത് സംഭവിച്ചാലും ആടുകളെ തിരികെ ലഭിക്കണമെന്ന വാശിയിലുമാണ്. പരാതിയില്‍ രാജേഷ് പാലിനെതിരെ കേസെടുക്കാനും സാധിക്കാത്ത അവസ്ഥയിലാണ് പൊലീസെന്നും ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.