ഫാസിസ്റ്റും വംശീയ വിരോധിയും ഹിന്ദുത്വ മേധാവിയുമായ മോദിയുടെ ആണവായുധത്തെക്കുറിച്ച് ലോകം ചിന്തിക്കേണ്ടതുണ്ട്: ഇമ്രാൻ ഖാൻ

single-img
18 August 2019

ഇന്ത്യയുടെ കൈവശമുള്ള ആണവായുധത്തിന്റെ സുരക്ഷ സംബന്ധിച്ച് ലോകം ആശങ്കപ്പെടേണ്ടതുണ്ട് എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ”തികഞ്ഞ ഫാസിസ്റ്റും വംശീയ വിരോധിയും ഹിന്ദുത്വ മേധാവിയുമായ മോദിയുടെ ആണവായുധത്തെക്കുറിച്ച് ലോകം ചിന്തിക്കേണ്ടതുണ്ടെന്നായിരുന്നു ഇമ്രാന്‍ ഖാൻ ചെയ്ത ട്വീറ്റ്. കേന്ദ്ര സർക്കാർ ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി പ്രദേശത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച ശേഷം ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഇമ്രാന്‍ഖാന്റെ പരാമര്‍ശം.

ഇന്ത്യയിലെ അസമിലുള്ള എന്‍ആര്‍സി അഥവാനാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് നിയമത്തെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് ഇന്ത്യയിൽ 4 ദശലക്ഷം മുസ്ലീങ്ങള്‍ തടങ്കലിലാണെന്നും അവരുടെ പൗരത്വം റദ്ദാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇമ്രാന്‍ഖാന്‍ ആരോപിച്ചു. രാജ്യം ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നിലപാടില്‍ മാറ്റം വന്നേക്കാമെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇമ്രാന്‍ഖാന്റെ പരാമര്‍ശം.