സിപിഐ ജാഥക്കിടെ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം: എസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍

single-img
18 August 2019

സിപിഐ നടത്തിയ പ്രതിഷേധ ജാഥയ്ക്കിടെ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് ലാത്തിച്ചാര്‍ജില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ എസ്ഐയെ സംസ്ഥാന പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തു. എസ്ഐയായ വിപിന്‍ദാസിനെയാണ് കൊച്ചി ഡിഐജി സസ്‌പെന്‍ഡ് ചെയ്തത്. ലാത്തിചാർജ്ജ് നടത്തുമ്പോൾ എസ്ഐയുടെ ഭാഗത്ത് നിന്നും നോട്ടക്കുറവുണ്ടായെന്നും എല്‍ദോ എബ്രഹാം എംഎല്‍എയെ തിരിച്ചറിയുന്നതില്‍ എസ്ഐ വിപിന്‍ദാസിന് വീഴ്ച പറ്റിയെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.

അതേസമയം സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്നു ഡിജിപി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എറണാകുളം ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസുകാരുടെ പിഴവ് എടുത്ത് പറയാത്തതിനാല്‍ നടപടിയെടുക്കാനാവില്ലെന്നായിരുന്നു ഡിജിപി ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചിരുന്നത്.

എറണാകുളം വൈപ്പിന്‍ കോളജിലെ സംഘര്‍ത്തില്‍ ഞാറയ്ക്കല്‍ സിഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ കൊച്ചി റേഞ്ച് ഐജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് മര്‍ദ്ദിച്ചിരുന്നത്.