കര്‍ണാടകത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം നീക്കുന്നതിനിടെ അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

single-img
18 August 2019

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം നീക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. കര്‍ണാടകത്തിലെ കൊപ്പലിലുള്ള സര്‍ക്കാര്‍ ഹോസറ്റലിലാണ് സംഭവം.

കൊടിമരം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. ഇവരെ രക്ഷപ്പെടുത്താനെത്തിയ മൂന്നുപേരും അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അദ്ദേഹം അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് മരിച്ചവരെല്ലാം. വാടക കെട്ടിടത്തിലാണ് സര്‍ക്കാര്‍ ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ കൊടിമരം സ്ഥാപിച്ചാണ് വിദ്യാര്‍ഥികള്‍ ദേശീയ പതാക ഉയര്‍ത്തിയത്.