മഴക്കെടുതി; കേരളം കേന്ദ്രത്തോട് സഹായം ചോദിച്ചില്ലെന്ന് പറഞ്ഞിട്ടില്ല: വി മുരളീധരൻ

single-img
17 August 2019

മഴക്കെടുതിയെ നേരിടാൻ കേരളം കേന്ദ്രത്തോട് സഹായം ചോദിച്ചില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. സംസ്ഥാനം സാമ്പത്തിക സഹായം ചോദിച്ചിട്ടില്ലെന്നാണ് താൻ പറഞ്ഞത്.
ദുരന്ത മേഖലയില്‍ രക്ഷാപ്രവർത്തനത്തിന് കൂടുതൽ സേനയെ ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ, മതിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞതാണ് തെറ്റിദ്ധാരണയ്ക്കിടയാക്കിയതെന്നും മുരളീധരൻ വ്യക്തമാക്കി. കേരളാ സർക്കാർ ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ടെന്നും തുടര്‍ന്നും എന്തെങ്കിലും വേണമെങ്കിൽ ആവശ്യപ്പെടേണ്ടത് സംസ്ഥാന സർക്കാരാണെന്നും വി മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളിൽ കേരളത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും വി മുരളീധരൻ പറഞ്ഞിരുന്നു. സംസ്ഥാനം മതിയെന്ന് പറയുന്നത് വരെ ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം തുടരുമെന്ന് വ്യക്തമാക്കിയ മുരളീധരൻ, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ആവശ്യപ്പെടുന്ന സഹായങ്ങള്‍ കേന്ദ്രത്തിൽ നിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.