മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു മരിച്ച കേസിൽ പുതിയ വഴിത്തിരിവ്; അപകടസമയത്ത് ശ്രീറാം നാക്കുകുഴയുന്ന അവസ്ഥയിലെന്ന് ദൃക്സാക്ഷി മൊഴി

single-img
17 August 2019
ശ്രീറാം വെങ്കിട്ടരാമൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു മരിച്ച കേസിൽ പുതിയ വഴിത്തിരിവായി ദൃക്സാക്ഷി മൊഴി. ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ ബെൻസനാണ് കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ അപകടസമയത്ത് മദ്യപിച്ചിരുന്നുവെന്ന് വ്യക്തമാക്കിയത്.

അപകട ശേഷം ശ്രീറാമിന്റെ നാക്ക് കുഴയുന്നുണ്ടായിരുന്നുവെന്നും അഹങ്കാരത്തോടെയായിരുന്നു പൊലീസിനോട് സംസാരിച്ചതെന്നും ബെൻസൺ പറഞ്ഞു.

അപകടത്തിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ആദ്യം ശ്രീറാമിനോടു ദേഷ്യപ്പെട്ടെങ്കിലും തിരിച്ചറിയൽ കാർഡ് കാണിച്ചതോടെ ഭയഭക്തി ബഹുമാനത്തോടെയാണു പെരുമാറിയതെന്നും ബെൻസൺ മാധ്യമങ്ങളോടു പറഞ്ഞു.

സംഭവത്തിൽ 5 സാക്ഷികളുടെ രഹസ്യമൊഴി അടുത്ത ദിവസം രേഖപ്പെടുത്തിയേക്കും. ബെൻസണെ മുഖ്യസാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ

ബെൻസണിന്റെ കൺമുന്നിലാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ബഷീറിനെ ഇടിച്ചുവീഴ്ത്തിയത്. ‘പേര് ശ്രീറാം, ഞാൻ ഡോക്ടറാണ്’ എന്നു പറഞ്ഞാണ് ഐഡി കാർഡ് കാണിച്ചത്. ഇതോടെയാണ് പൊലീസിന്റെ സമീപനത്തിൽ മാറ്റമുണ്ടായത്. ‘സാറുമ്മാര് തന്നെ ഇങ്ങനെയൊക്കെ കാണിക്കണം’ എന്നായിരുന്നു പൊലീസിന്റെ ദയനീയഭാവത്തിലുള്ള മറുപടിയെന്നും ബെൻസൺ പറയുന്നു.

ശ്രീറാം ഡ്രൈവിങ് സീറ്റിൽ നിന്ന് ഇറങ്ങുന്നതു പൊലീസ് കണ്ടതാണെന്നു ബെൻസൺ ആവർത്തിച്ചു.

അതേസമയം ആരാണു കാർ ഓടിച്ചതെന്ന് അറിയില്ലെന്നു പൊലീസ് നിലപാടു മാറ്റിയത് ശ്രീറാമിനെ തിരിച്ചറിഞ്ഞതോടെയാകാമെന്നും ബെൻസൺ പറയുന്നു. മദ്യപിച്ചതിനു തെളിവില്ലെന്ന നിഗമനത്തിലാണ് ശ്രീറാമിനു ജാമ്യം ലഭിച്ചത്.