ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ്; ഓമനക്കുട്ടനോട് ക്ഷമചോദിച്ച് റവന്യു വകുപ്പ്

single-img
17 August 2019

പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തി എന്ന രീതിയിലുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ ചേര്‍ത്തല അംബേദ്കര്‍ കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലെ അംഗം ഓമനക്കുട്ടനെതിരെ കേസെടുത്ത സംബന്ധത്തിൽ ഖേദം പ്രകടിപ്പിച്ച് സർക്കാർ. ഈ വ്യക്തി അനധികൃതമായി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി വേണു ഖേദം പ്രകടിപ്പിച്ചത്.

നമ്മെ ഓരോരുത്തരെയും നോവിപ്പിച്ച, അത്യധികം വിഷമകരമായ ഒരു സംഗതിയും അതിന്റെ നിജസ്ഥിതിയും നിലപാടും പങ്കിടാനാണ് ഈ പോസ്റ്റ് എന്ന് വ്യക്തമാക്കിയാണ് ആദ്ദേഹത്തിന്റെ കുറിപ്പ്. ‘ഓമനക്കുട്ടന്ഇ തുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്‌ജെക്റ്റിവിലി ശരിയല്ലാത്ത സബ്‌ജെക്റ്റീവിലി എന്നാല്‍ ശരി മാത്രമായ ഈ സത്യത്തിനു മുമ്പില്‍ ഓമനക്കുട്ടനേറ്റ ക്ഷതങ്ങള്‍ക്ക് മേല്‍ ദുരന്തനിവാരണ തലവന്‍ എന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.’ അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

അതേപോലെ തന്നെ ഓമനക്കുട്ടനെതിരെ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘ഈ വിഷയത്തില്‍ ജില്ലാ കലക്ടറുമായി ചര്‍ച്ച ചെയ്തു. അവരുടെ അന്വേഷണത്തിലും ഈ കാര്യങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു . ആയതിനാല്‍ ചേര്‍ത്തല റവന്യൂ വകുപ്പ് ഓമനക്കുട്ടനുമേല്‍ നല്‍കിയ പൊലീസ് പരാതി പിന്‍വലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിക്കഴിഞ്ഞു. പോലീസ് കേസ്സുമായി വകുപ്പിനി മുമ്പോട്ട് പോകുകയില്ല.’ അദ്ദേഹം വ്യക്തമാക്കി.

#ഓമനക്കുട്ടൻ പ്രിയരെനമ്മെയോരോരുത്തരെയും നോവിപ്പിച്ച, അത്യധികം വിഷമകരമായ ഒരു സംഗതിയും അതിന്റെ നിജസ്ഥിതിയും നിലപാടും …

Posted by Venu Vasudevan on Friday, August 16, 2019