സര്‍ക്കാര്‍ ഹോമുകളിലെ കുട്ടികള്‍ക്ക് ജയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനം

single-img
17 August 2019

തിരുവനന്തപുരം: സംസ്ഥാന വനിതശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളില്‍ പഠനത്തിന് മികവ് തെളിയിച്ചവര്‍ക്ക് കൊച്ചിന്‍ ജയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനത്തിന് അവസരമൊരുങ്ങിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

പ്ലസ് ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ 4 കുട്ടികള്‍ക്കാണ് റോട്ടറി ക്ലബ്ബ് കൊച്ചി സിറ്റി മുഖാന്തിരം ജയിന്‍ യൂണിവേഴ്‌സിറ്റി സ്‌പോണ്‍സര്‍ ചെയ്ത് വിവിധ കോഴ്‌സുകളില്‍ പഠിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം തിരുവഞ്ചൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സിലെ സോണി മാത്യുവിന് ബി.ബി.എ. ഏവിയേഷന്‍ മാനേജ്‌മെന്റ്, എറണാകുളം ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ നിഗ രാജിന് ബി.എ. എക്കണോമിക്‌സ്, റിഗ രാജിന് ഇന്റീരിയര്‍ ഡിസൈനിംഗ്, കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ കെ.എം. മായയ്ക്ക് ബി.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സുകള്‍ക്കാണ് പ്രവേശനം നല്‍കുന്നത്.

കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്ത് പഠിപ്പിക്കുന്നതിനായി ജയിന്‍ യൂണിവേഴ്‌സിറ്റിയുമായി എം.ഒ.യു. ഒപ്പിടുന്ന ചടങ്ങ് ആഗസ്റ്റ് 19-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ വച്ച് നടക്കും.