മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ യന്ത്രങ്ങൾ പ്രവർത്തിക്കുന്നില്ല; തകരാറിലായത് ദുരന്തനിവാരണ അതോറിറ്റി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച അണക്കെട്ടിലെ അപകട സുചനാ സംവിധാനങ്ങൾ

single-img
16 August 2019

ഇടുക്കി: ദുരന്തനിവാരണ അതോറിറ്റി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മുല്ലപ്പെരിയാർ അണക്കെട്ടിലെ അപകട സുചനാ  സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് പെരിയാറിന്റെ  തീരത്തുള്ളവരുടെ  നെഞ്ചിടിപ്പ് ഉയരുമ്പോഴും യന്ത്രത്തകരാർ പരിഹരിക്കാൻ നടപടിയില്ല. മഴ ശക്തമായാൽ  മുല്ലപ്പെരിയാർ ദിവസങ്ങൾക്കുള്ളിൽ നിറയും.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ  വൃഷ്ടി പ്രദേശത്തു ശക്തമായി മഴ പെയ്താൽ പരമാവധി സംഭരണ ശേഷിയായ 142 അടിയിൽ എത്താൻ ദിവസങ്ങൾ മാത്രം മതി. ഇപ്പോൾ ജലനിരപ്പ് 131 അടിയാണ്. എന്നാൽ മുല്ലപ്പെരിയാറിലെ അപകടസൂചനാ മുന്നറിയിപ്പു സംവിധാനങ്ങളെല്ലാം തകരാറിലായിട്ടു വർഷങ്ങൾ ഏറെയായി.

ഡാമിൽ ജലനിരപ്പ് 136 അടിയാകുമ്പോൾ തന്നെ കലക്ടേറ്റുമായി ബന്ധിപ്പിച്ച്  മുന്നറിയിപ്പ് നൽകാൻ മുല്ലപ്പെരിയാർ- വള്ളക്കടവ്, പീരുമേട് താലൂക്ക് ഓഫീസ് മഞ്ചുമല, ഉപ്പുതറ, അയ്യപ്പൻകോവിൽ പ്രദേശങ്ങളിൽ ‘ഏർളി വാണിങ് സിസ്റ്റം’ സ്ഥാപിച്ചിരുന്നു. 2012 ൽ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനം, ഗുണനിലവാരമില്ലായ്മ മൂലം ഒരു ദിവസം മാത്രമാണ് പ്രവർത്തിച്ചത്. രണ്ടു മാസം കഴിഞ്ഞപ്പോൾ ആന്റിനയും നിലംപൊത്തി. 

അപകട സുചനാ മുന്നറിയിപ്പ് സംവിധാനങ്ങളുടെ തകരാറ് മാറ്റാനോ പുതിയവ സ്ഥാപിക്കാനോ ജില്ലാ ഭരണകൂടവും സർക്കാരും ഒരു നടപടിയും സ്വീകരിച്ചില്ല. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുമ്പോൾ പെരിയാർ തീരങ്ങളിലൂടെയുള്ള റോഡുകളിൽ വഴിവിളക്കുകൾ സ്ഥാപിക്കുക, എസ്റ്റേറ്റുകളിലെ ഗേറ്റുകൾ  തുറന്നിടുക, കൺട്രോൾ റൂമുകൾ തുറക്കുക തുടങ്ങിയ തീരുമാനങ്ങളും അന്നുണ്ടായിരുന്നു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.