പുത്തുമലയിലും കവളപ്പാറയിലും തെരച്ചില്‍ തുടരും; കവളപ്പാറയില്‍ ഇതുവരെ കണ്ടെത്തിയത്‌ 33 പേരുടെ മൃതദേഹം

single-img
16 August 2019

വയനാട്: വയനാട് പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. ഇതിനകം പ്രദേശത്ത് നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും മറ്റ് ഏഴു പേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഒരാഴ്ച മുന്‍പുണ്ടായ ദുരന്തത്തില്‍ കാണാതായ 7 പേര്‍ക്ക് വേണ്ടിയാണ് പുത്തുമലയില്‍ ഇന്നും തെരച്ചില്‍ നടക്കുന്നത്.

ഉരുള്‍പൊട്ടി 30ലധികം വീടുകള്‍ നശിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത കവളപ്പാറയില്‍ ഊര്‍ജ്ജിതമായ തിരച്ചില്‍ തുടരുകയാണ്.അപകടം നടന്ന് ഇന്നേക്ക്എട്ട് ദിവസമായി. ഇതുവരെ നടന്ന തിരച്ചിലില്‍ 33 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 26 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഓരോ ദിവസവും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനാല്‍ തിരച്ചില്‍ തുടരാന്‍ തന്നെയാണ് തീരുമാനം.

നൂറു കണക്കിന് സന്നദ്ധ സേവകരും മണ്ണ് മാന്തി യന്ത്രങ്ങളുപയോഗിച്ച്‌ കിണഞ്ഞ് ശ്രമിച്ചിട്ടും കഴിഞ്ഞ 4 ദിവസത്തെ തിരച്ചില്‍ വിഫലമാവുകയായിരുന്നു. അനുകൂല കാലാവസ്ഥയായിരുന്നിട്ടും കഴിഞ്ഞ ദിവസത്തെ തെരച്ചിലിലും ആരെയും കണ്ടെത്താനായില്ല. സ്നിഫര്‍ ഡോഗുകളെയെത്തിച്ച്‌ നടത്തിയ തെരച്ചില്‍ ആദ്യദിനം ഫലം കണ്ടില്ലെങ്കിലും ഇന്നു വീണ്ടും ദൌത്യം തുടരും.

പ്രദേശത്തിന്റെഭൂഘടന മാറിയത് രക്ഷാ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഇവിടെ ചെറു തോടുമുണ്ടായിരുന്നു. എന്നാല്‍ ജെസിബി ഉപയോഗിച്ച്‌തിരച്ചില്‍ നടത്തുമ്ബോള്‍ തോട്ടില്‍ നിന്ന് ജലപ്രവാഹമുണ്ടായത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചു.