കശ്മീര്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതി ചര്‍ച്ച ഇന്ന്

single-img
16 August 2019

യു.എന്‍ രക്ഷാസമിതി സ്ഥിരാംഗമായ ചൈനയുടെ ആവശ്യപ്രകാരം കശ്മീരിലെ സ്ഥിതിഗതികള്‍ യു.എന്‍ രക്ഷാസമിതി ഇന്ന് ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. രക്ഷാസമിതിയുടെ ഇത്തവണത്തെ അധ്യക്ഷയായ പോളണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍ വിഷയത്തില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടക്കുമെന്ന് പോളണ്ടിന്റെ പ്രതിനിധി ജനാന റോണക്കയെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞത് അടക്കമുള്ള വിഷയങ്ങളില്‍ രക്ഷാസമിതിയില്‍ തുറന്ന ചര്‍ച്ച നടത്തണമെന്നതായിരുന്നു പാകിസ്താന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് രക്ഷാസമിതിക്കും രക്ഷാസമിതി അംഗങ്ങള്‍ക്കും പാകിസ്താന്‍ കത്ത് അയച്ചിരുന്നു. എന്നാല്‍ ചൈന ഒഴികെയുള്ള നാല് സ്ഥിരാംഗങ്ങളും ഇന്ത്യയുടെ തീരുമാനത്തിനൊപ്പമാണ് നിന്നത്. ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കം മാത്രമാണെന്നും പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നുമാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ച നിലപാട്.