ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാൻ ട്രംപ്

single-img
16 August 2019

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉപദേഷ്ടാക്കളുമായി ചർച്ച നടത്തിയതായി റിപോർട്ട്. കാനഡയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ദ്വീപാണ് ഗ്രീൻലാൻഡ്. ഡെന്മാർക്കിന് കീഴിൽ സ്വതന്ത്ര പരമാധികാരമുള്ള ഭൂപ്രദേശമാണിത്. ദ വാൾസ്ട്രീറ്റ് ജേർണലാണ് ട്രംപിന്‍റെ നീക്കം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 

ഭൂരിഭാഗം മേഖലയും മഞ്ഞുമൂടിക്കിടക്കുന്ന ഗ്രീൻലാൻഡിന്‍റെ പ്രകൃതിവിഭവങ്ങളും ഭൂമിശാസ്ത്രപരമായ പ്രാധാന്യവുമാണ് മുൻ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കൂടിയായ ഡോണൾഡ് ട്രംപിനെ ആകർഷിച്ചതെന്ന് വാൾസ്ട്രീറ്റ് ജേർണലിലെ റിപോർട്ടിൽ പറയുന്നു. 

അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വൈറ്റ് ഹൗസ് നടത്തിയിട്ടില്ല. ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കുന്നത് യു.എസിന് മുതൽക്കൂട്ടാണെന്ന് ട്രംപിന്‍റെ ഉപദേശകരിൽ ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റ് ചിലർ ഇതൊരു വ്യാമോഹം മാത്രമാണെന്ന അഭിപ്രായക്കാരാണെന്നും വാൾസ്ട്രീറ്റ് ജേർണൽ റിപോർട്ട് ചെയ്യുന്നു.