കശ്മീരില്‍ സാക്ഷാത്കരിച്ചത് പട്ടേലിന്റെ സ്വപ്‌നമെന്ന് പ്രധാനമന്ത്രി; വാഗ്ദാനങ്ങളെല്ലാം പാലിക്കും

single-img
15 August 2019

ന്യൂഡല്‍ഹി: 73-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തി. രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.

വിവിധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ അദ്ദേഹം സ്വീകരിച്ചു. ഇതിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തിയത്.

രാജ്യത്ത് പ്രളയദുരിതം അനുഭവിക്കുന്ന ജനതക്കൊപ്പം നില്‍ക്കുന്നുവെന്നുവെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന ഭരണഘടന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം ഏകകണ്‌ഠ്യേന എടുത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീര്‍ ജനത ഏറെകാലമായുള്ള ആഗ്രഹമാണ് ഇതിലൂടെ സഫലീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖ് നിയമം രാജ്യത്തെ മുസ്‍ലിം സ്ത്രീകളുടെ അഭിമാനം ഉയര്‍ത്തിയതായും അഭിപ്രായപ്പെട്ടു. ജനസംഖ്യ കൂടുന്നത്​ രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണ്​. ദാരിദ്ര്യം തുടച്ചു നീക്കുന്നതിന്​ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്​. നല്‍കിയ വാഗ്​ദാനങ്ങളെല്ലാം പാലിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ട് പത്ത് ആഴ്ചകള്‍ ആയിട്ടുള്ളുവെങ്കിലും വികസനപദ്ധതികള്‍ വേഗത്തിലാണ് നടക്കുന്നത്. ഞങ്ങളുടെ ജോലികള്‍ ആരംഭിക്കാന്‍ ഞങ്ങള്‍ക്ക് ഒരു ദിവസം പോലും കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി മെട്രോ സ്‌റ്റേഷനുകളിലും വിമാനത്താവളത്തിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചെങ്കോട്ടയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. ജമ്മുകശ്മീരിലും കനത്ത സുരക്ഷയാണ്​ ഏര്‍​പ്പെടുത്തിയത്​. നിരോധനാജ്ഞയും നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്​. അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്​. കശ്മീര്‍ വിഷയത്തിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ മറ്റു പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.