കല്യാണ്‍ ജൂവലേഴ്‌സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ നല്കും • ഇ വാർത്ത | evartha
Kerala

കല്യാണ്‍ ജൂവലേഴ്‌സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ നല്കും

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കല്യാണ്‍ ജൂവലേഴ്‌സ് ഒരു കോടി രൂപ സംഭാവന നല്കും. കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറും.

കഴിഞ്ഞ പ്രളയത്തെ നമ്മള്‍ അതിജീവിച്ചതുപോലെ തന്നെ ഈ പ്രളയത്തെയും ഒറ്റക്കെട്ടായി നിന്നുകൊണ്ട് അതിജീവിക്കുമെന്നും കേരളത്തെ വീണ്ടും സാധാരണ നിലയിലേയ്ക്ക് തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമങ്ങളില്‍ കൈകോര്‍ക്കുമെന്നും ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഈ സംഭാവനയ്ക്കു പുറമെ വിവിധ സര്‍ക്കാരിതര സംഘടനകളുമായി ചേര്‍ന്ന് കല്യാണ്‍ ജൂവലേഴ്‌സ് വരും മാസങ്ങളില്‍ പ്രളയബാധിതകര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കല്യാണിന്റെ ടീം സജീവമായി പങ്കാളികളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

2018-ലെ പ്രളയകാലത്ത് കല്യാണ്‍ ജൂവലേഴ്‌സ് രണ്ടു കോടിയിലധികം രൂപ ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി ചെലവഴിച്ചിരുന്നു.