കെവിന്‍ വധം: ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി;വിധി പറയുന്നത് മാറ്റി

single-img
14 August 2019

കോട്ടയം: സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെവിന്റെ മരണം ദുരഭിമാനക്കൊലയാണോ എന്നതില്‍ സ്ഥിരീകരണം വേണമെന്ന് കോടതി പറഞ്ഞു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ വിദിച്ചെങ്കിലും പ്രതിഭാഗം ഇത് നിഷേധിക്കുകയായിരുന്നു. കെവിന്റേത് ദുരഭിമാനക്കൊലയാണോ എന്ന് സ്ഥിരീകരിക്കാന്‍ വേണ്ടി, വിധി പറയുന്നത് മാറ്റിവയ്ക്കുകയാണെന്ന് കോടതി അറിയിച്ചു.

കെവിന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടയാളാണെന്ന് കേസിലെ മുഖ്യ സാക്ഷി ലിജോയോട് ഷാനു പറഞ്ഞിരുന്നു.അതുകൊണ്ട് തന്നെ കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.അതേസമയം, കെവിന്റേത് ദുരഭിമാനക്കൊലയല്ലെന്നും ഒരുമാസത്തിനകം വിവാഹം നടത്തിക്കൊടുക്കാമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോ പറഞ്ഞിരുന്നതായും ഇരുവിഭാഗവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആവില്ലെന്നാണ് പ്രതിഭാഗം പറഞ്ഞത്. ഇതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് വിധി പറയാന്‍ മാറ്റിയത്.

കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ അടക്കം ആകെ 14 പ്രതികളാണ് കേസിലുള്ളത്. ഈ വര്‍ഷം ഏപ്രില്‍ 24 നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 2019 ജൂലൈ 30 ന് വിചാരണ പൂര്‍ത്തിയാക്കി. അതേസമയം 114സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ഇതില്‍ ആറ് പേര്‍ കൂറുമാറി. 258 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു.

മേയ് 26നാണ് എസ്.എച്ച്‌ മൗണ്ട് പിലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ പ്രതിശ്രുത വധു നീനുവിന്റെ ബന്ധുക്കള്‍ അടങ്ങിയ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കേസിലെ പ്രതിയായ ഷാനു ചാക്കോയുടെ സഹോദരി നീനുവിനെ വീട്ടുകാരുടെ അനിഷ്ടം വകവെയ്ക്കാതെ കൊല്ലപ്പെട്ട കെവിന്‍ വിവാഹം ചെയ്തതിനു പിന്നാലെയായിരുന്നു ക്രൂരമര്‍ദ്ദനവും കൊലപാതകവും