മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം; വീടും സ്ഥലവും നഷ്ടപ്പെട്ടാൽ പത്തുലക്ഷം: മഴക്കെടുതിയിൽപ്പെട്ടവരെ കൈവിടാതെ സർക്കാർ

single-img
14 August 2019

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായമെത്തിക്കാൻ സംസ്ഥാന സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴയിലും ഉരുൾപൊട്ടലിലും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നൽകാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുള്ളത്.

അടിയന്തര സഹായമെന്ന നിലയിൽ പതിനായിരം രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്, ധനസഹായ വിതരണത്തിന് ശേഷം പരാതികളും ആക്ഷേപങ്ങളും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നൽകിയിട്ടുണ്ട്. വെളളപ്പൊക്കമേഖലയിലും തീരദേശത്തും 15 കിലോ അരി സൗജന്യറേഷന്‍ നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

ദുരിതബാധിതരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാൻ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. മഴക്കെടുതി ദുരിതാശ്വാസ സഹായം കുറ്റമറ്റ രീതിയിൽ എല്ലാവരിലേക്കും എത്തിക്കണമെന്നാണ് മന്ത്രിസഭായോഗ തീരുമാനം. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പട്ടിക തയ്യാറാക്കാനാണ് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്.

കഴിഞ്ഞ പ്രളയകാലത്തെ അതേ ദുരിതാശ്വാസ പാക്കേജാണ് സര്‍ക്കാര്‍ ഇത്തവണയും മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇതിലുള്ള പ്രധാന വ്യത്യാസം വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്ന് പട്ടിക തയ്യാറാക്കുന്നു എന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കുന്ന പട്ടിക ആദ്യം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും. അതിൽ ആക്ഷേപം ഉണ്ടെങ്കിൽ അത് അറിയിക്കാൻ സംവിധാനം ഉണ്ടായിരിക്കും . അത്തരം ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച ശേഷമായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക.