കവളപ്പാറയിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടത്താൻ പള്ളിയുടെ നമസ്കാര ഹാൾ വിട്ടുകൊടുത്ത് പോത്തുകല്ല് മഹല്ല് കമ്മിറ്റി

single-img
14 August 2019

കവളപ്പാറയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തത് പോത്തുകല്ല് ജുമാമസ്ജിദിലെ നമസ്കാര ഹാളിൽ വെച്ച്. കവളപ്പാറയിൽ തെരച്ചിലിൽ കണ്ടെത്തുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി മഞ്ചേരി മെഡിക്കൽ കോളജ് വരെ കൊണ്ടുപോകുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യത്തിലാണ് നമസ്കാര ഹാൾ വിട്ടുകൊടുത്ത് പോത്തുകല്ല് മഹല്ല് കമ്മിറ്റി മാതൃകയായത്.

നിലമ്പുർ പോത്തുകല്ലിൽ ഉള്ള മുജാഹിദ് പള്ളിയാണിത്. ആ പ്രദേശത് ഏതാണ്ട് 30ഓളം ആളുകൾ പ്രളയത്തിൽ മരണപ്പെട്ടിരുന്നു. അവരെ നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് വരെ കൊണ്ടുപോയി പോസ്റ്റ്‌ മോർട്ടം നടപടികൾ സ്വീകരിക്കാൻ വലിയ ബുദ്ധിമുട്ടാണ് ഉള്ളത്. ഈ ഒരു അടിയന്തിര സാഹചര്യത്തിൽ അങ്ങേയറ്റം മനുഷ്യത്വ പരമായ സമീപനം എടുത്തുകൊണ്ടു പള്ളിയിൽ വച്ചുതന്നെ പോസ്റ്റ്‌ മോർട്ടം ചെയ്യുവാനുള്ള തീരുമാനം പള്ളിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുകയാണ്. മഞ്ചേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് സംഘം പള്ളിയിൽ എത്തി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കികൊണ്ടിരിക്കുകയാണ്. നമ്മൾ അതിജീവിക്കും എന്നതിൽ ഒരു സംശയവും ഇല്ല … വർഗീയത കൊണ്ട് തോല്പിക്കാൻ വരുന്നവരെ മനുഷ്യത്വം കൊണ്ട് കണ്ടംവഴി ഓടിക്കണം. ❤️Through Dr Veena JS

Posted by അക്കുമ്മ അക്കു on Tuesday, August 13, 2019

നമസ്‌കാരം നടക്കുന്ന ഹാളും അതിനോടു ചേര്‍ന്ന് കൈകാലുകള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്ഥലവുമാണ് ഇതിനായി മഹല്ല് കമ്മിറ്റി വിട്ടുനൽകിയത്. ഉരുൾപൊട്ടൽ നടന്ന് ദിവസങ്ങള്‍ പിന്നിട്ടതോടെ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മിക്ക മൃതദേഹങ്ങളും കണ്ടെടുത്ത് പോസ്റ്റ് മോര്‍ട്ടം ടേബിളിലെത്തിയത്.

ചില മൃതദേഹങ്ങൾ ഒറ്റനോട്ടത്തിൽ സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് തിരിച്ചറിയാനാവാത്തവിധത്തിൽ അഴുകിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മിക്ക മൃതദേഹങ്ങളും മണ്ണിലും ചേറിലും പൊതിഞ്ഞാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിയത്. തിരിച്ചറിയാന്‍ ഉറ്റബന്ധുക്കള്‍ ഇല്ലാത്ത അവസ്ഥയും ഇവിടെയുണ്ട്. അണിഞ്ഞ ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം കണ്ടാണ് പലരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത്.

പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഇടം തേടി അലഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പള്ളിവാതിലുകള്‍ തുറക്കാമെന്നറിയിച്ച് പോത്തുകല്ല് പള്ളി മഹല്ല് കമ്മിറ്റി മുന്നോട്ടുവരികയായിരുന്നു. മദ്രസയില്‍ നിന്നുള്ള ബെഞ്ചും ഡെസ്‌കുകളും മയ്യത്ത് കഴുകാന്‍ ഉപയോഗിക്കുന്ന ടേബിളുമെല്ലാം നല്‍കി വലിയ സഹകരണമാണ് മഹല്ലു കമ്മിറ്റി നല്‍കിയത്.

അഞ്ച് പോസ്റ്റുമോര്‍ട്ടം ടേബിളുകളാണ് മദ്രസയുടെ ഡെസ്‌കുകള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയത്. ഇതുവരെയും ഏഴ് മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റുമോര്‍ട്ടം ചെയ്തത്. തിരിച്ചറിയുന്നവ മാത്രമാണ് നിലവില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലെ ഫ്രീസറിലേക്ക് മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.