കവളപ്പാറയിൽ ഒരു കുട്ടിയുടേതടക്കം ഏഴു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

single-img
14 August 2019

ഉരുൾപൊട്ടലിൽ ഒരു പ്രദേശം തന്നെ ഇല്ലാതായ കവളപ്പാറയിൽ മണ്ണിനടിയിൽ നിന്നും ഏഴുമൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ആകെ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 30 ആയി. ഇനി 29 പേരെയാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്.
സംസ്ഥാനമൊട്ടാകെ മരിച്ചവരുടെ എണ്ണം മഴക്കെടുതിയിൽ ഇതുവരെയുള്ള കണക്കനുസരിച്ച് 103 ആണ്.

കുന്നിൻചെരുവിൽ മൂന്നു മൃതദേഹങ്ങൾ ചൊവ്വാഴ്ച കണ്ടെത്തിയ സ്ഥലത്തു നിന്നാണ് ഇന്ന് 7 മൃതദേഹങ്ങൾ കൂടി കണ്ടത്. റെഡ് അലർട്ടിനൊപ്പം മഴ ശക്തമായ സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് അൽപസമയം തിരച്ചിൽ നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. 8 വയസുകാരി വിഷ്ണുപ്രിയ, ഭവ്യ, സ്വാതി, ചക്കി എന്നിവരുടേതും മൂന്നു പുരുഷമൃതദേഹങ്ങളുമാണ് ഇന്നു കണ്ടെത്തിയത്.

അതേസമയം, അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയിൽ കാണാതായ ഏഴുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തുടർച്ചയായ മൂന്നാം ദിവസവും പുത്തുമലയിൽ നിന്ന് ആരെയും കണ്ടത്താനായില്ല. മനുഷ്യർ കുടുങ്ങിക്കിടക്കുന്നയിടം പ്രവചിച്ച് ഭൂപടം തയ്യാറാക്കിയാണ് പുത്തുമലയിലെ ഇന്നത്തെ തെരച്ചിൽ.

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് തുടരും. പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.  വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.