മഴ ശക്തമാകാന്‍ സാധ്യത; ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

single-img
13 August 2019

മഴക്കെടുതി തുടരുന്നതിനാൽ നാളെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ അവധി. ഇതിൽ, എറണാകുളം ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ടാണെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അതിനാലാണ് അവധിയെന്നും കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.

പ്രൊഫഷണല്‍ കോളേജുകള്‍ ഉൾപ്പെടെയാണ് അവധി. അതോടൊപ്പം എല്ലാ സിലബസിലുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധിയായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള വയനാട്ടിൽ ദുരന്ത സാധ്യത ഇല്ലാതാക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയിൽ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് അവധി.