പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടലല്ല, വലിയ മണ്ണിടിച്ചില്‍; മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്

single-img
13 August 2019

മഴക്കെടുതിയിൽ വയനാട് ജില്ലയിലെ പുത്തുമലയിലുണ്ടായ ദുരന്തത്തിന്റെ കാരണം ഉരുൾ പൊട്ടൽ അല്ല, അതി ശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. പരിസ്ഥിതി ദുര്‍ബല പ്രദേശമായ മേഖലയില്‍ നടന്ന മരംമുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്.ഈ പ്രദേശത്തെ മേല്‍ മണ്ണിന് കേവലം 1.5 മീറ്റര്‍ മാത്രമേ ആഴമുള്ളൂ. അതിനൊപ്പം താഴെ ചെരിഞ്ഞു കിടക്കുന്ന വന്‍ പാറക്കെട്ടും.

സ്വാഭാവികമായി മേല്‍മണ്ണിന് 2.5 മീറ്റര്‍ എങ്കിലും ആഴമില്ലാത്ത മലമ്പ്രദേശങ്ങളില്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍ക്കു സാധ്യത കൂടുതലാണ്. ഇത്തവണ മഴയിൽ ചെറിയ ഇടവേളകളില്‍ രണ്ട് തവണ പുത്തുമലയ്ക്കുമേല്‍ മണ്ണിടിച്ചിറങ്ങി. ഏകദേശം 20% മുതല്‍ 60% വരെ ചെരിവുള്ള പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ദിവസങ്ങളോളം അതിതീവ്ര മഴ പെയ്തതും പാറക്കെട്ടുകള്‍ക്കും വന്‍ മരങ്ങള്‍ക്കുമൊപ്പം അഞ്ച് ലക്ഷം ഘനമീറ്റര്‍ വെള്ളം കുത്തിയൊലിച്ചതുമാണ് ദുരന്തിന് കാരണമായത്.

സാധാരണയായി ചെരിഞ്ഞ പ്രദേശങ്ങളില്‍ സംഭരിക്കപ്പെടുന്ന വെള്ളം മര്‍ദ്ദംകൂടി ഒരു പ്രത്യേക ഭാഗത്തു കൂടി അതിശക്തമായി പുറത്തേക്കൊഴുകുന്നതാണ് ഉരുള്‍പൊട്ടല്‍. പക്ഷെ പുത്തുമലയില്‍ ഇതല്ല സംഭവിച്ചത്. ഇവിടെ ഉണ്ടായത് വലിയ തോതിലുള്ള മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനം നടത്തണമെന്നും ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഭൂവിനിയോഗം പുനക്രമീകരിക്കണമെന്നും മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.