പഞ്ചാബി പട്ടാളക്കാർ കാശ്മീരിൽ ഡ്യൂട്ടിയെടുക്കാൻ തയ്യാറാകരുതെന്ന് പാക് മന്ത്രി; നിങ്ങളുടെ പട്ടാളത്തെപ്പോലെയല്ല ഇന്ത്യൻ പട്ടാളമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

single-img
13 August 2019

പഞ്ചാബി പട്ടാളക്കാര്‍ കാശ്മീരിൽ ഡ്യൂട്ടിയെടുക്കാൻ തയ്യാറാകരുതെന്ന് ആഹ്വാനം ചെയ്ത പാകിസ്താൻ ശാസ്ത്രസാങ്കേതിക മന്ത്രി സിഎച്ച് ഫവാദ് ഹുസ്സൈനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്.
പാകിസ്താന്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ത്യൻ സൈന്യത്തിലെ പഞ്ചാബികൾ അനീതിയുടെ ഭാഗമാകുന്നതിന് വിസമ്മതിക്കണം.കാശ്മീരിൽ ഡ്യൂട്ടി ചെയ്യാൻ വിസമ്മതിക്കണം,’ എന്നായിരുന്നു ഫവാജ് ഹുസ്സൈന്റെ ട്വീറ്റ്.

ഇതിന് മറുപടിയില്‍ കടുത്ത വിമർശനവുമായി ഇന്ത്യാക്കാരും അനുകൂലിച്ച് പാകിസ്താനിൽ നിന്നുള്ള ചിലരും സോഷ്യല്‍ മീഡിയയില്‍ വാഗ്വാദം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഇടപെടൽ വരുന്നത്.

പാകിസ്താന്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. നിങ്ങളുടെ പട്ടാളത്തെപ്പോലെയല്ല ഇന്ത്യയുടെ പട്ടാളം. അവർ അച്ചടക്കമുള്ളവരും അവരുടെ ദേശത്തോട് കൂറുള്ളവരുമാണ്. ഇവിടെ നിങ്ങളുടെ പ്രകോപനമൊന്നും വിലപ്പോകില്ല. ഞങ്ങളുടെ സൈന്യത്തിലെ ജവാന്മാർ നിങ്ങളുടെ വിഭാഗീയ പ്രവർത്തനത്തിൽ കുടുങ്ങില്ല,” – എന്നായിരുന്നു അമരീന്ദർ സിങ് മറു ട്വീറ്റ് നല്‍കിയത്.