ആദ്യം രക്ഷാ പ്രവര്‍ത്തനം, പിന്നീട് പുനരധിവാസം; എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകും; വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ ജനങ്ങളോട് മുഖ്യമന്ത്രി

single-img
13 August 2019

എല്ലാവരും ഒന്നിച്ചുനിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന് വയനാടുജില്ലയിലെ മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍.ആദ്യ ഘട്ടത്തിൽ രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും കൂട്ടിച്ചേർത്തു.

വീടുകളിൽ നിന്നും ഇറങ്ങിവന്നവര്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഇതുപോലുള്ള കാര്യങ്ങള്‍ ഒന്നിച്ച് നിന്ന് പരിഹരിക്കാനാകും. അപകടത്തിൽപ്പെട്ട കുറച്ച് പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടര്‍ന്നും നടക്കുകയാണ്. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകും എന്ന് ദുരിതബാധിതരോട് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് മഴക്കെടുതിയിൽ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായെത്തിയ മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വ‌ാസ് മേത്ത എന്നിവരും ഉണ്ട്.