കണ്ണൂർ, കോഴിക്കോട്, മലപ്പുറം ഉൾപ്പെടെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

single-img
12 August 2019

ക്യാംപുകൾ പ്രവർത്തിക്കുന്നതും ദുരന്തസാധ്യതയും കണക്കിലെടുത്ത് സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിൽ പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 14നും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ജില്ലയിൽ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

മഴയ്ക്ക് ഇപ്പോൾ കുറവുണ്ടെങ്കിലും വെള്ളക്കെട്ട് പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലാത്ത് കൊണ്ട് ദുരന്തസാധ്യത ഒഴിവാക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ദുരന്തബാധിത മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് അവധി.

അതേസമയം, മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാളെ മുതൽ അധ്യയനം പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. കേരള – എംജി സർവകലാശാലകൾ ചൊവ്വാഴ്ച (13 ന്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കോഴിക്കോട് സർവകലാശാല ഓഗസ്റ്റ് 16 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും വൈവകളും മാറ്റിവച്ചിട്ടുണ്ട്.