മഴക്കെടുതി: കേന്ദ്രമാണ് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ; ഇതില്‍ രാഷ്ട്രീയം കാണുന്നില്ല, ആരെയും കുറ്റപ്പെടുത്തുന്നുമില്ല: രാഹുല്‍ ഗാന്ധി • ഇ വാർത്ത | evartha
Kerala

മഴക്കെടുതി: കേന്ദ്രമാണ് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ; ഇതില്‍ രാഷ്ട്രീയം കാണുന്നില്ല, ആരെയും കുറ്റപ്പെടുത്തുന്നുമില്ല: രാഹുല്‍ ഗാന്ധി

വയനാട് ജില്ലയിലെ ദുരിത ബാധിതര്‍ക്ക് വേഗത്തില്‍ സഹായം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി എംപി ആവശ്യപ്പെട്ടു. വിഷയത്തെ സംബന്ധിച്ച് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുമായി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ഇനി കേന്ദ്രമാണ് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുൽ പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിലെ കൈതപ്പൊയിലിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച ശേഷമാണ് വയനാട് ജില്ലയില്‍ എത്തിയത്. ഇവിടെ ആദ്യം പോയത് പുത്തുമലയിലേക്കായിരുന്നു. പിന്നീട് ദുരിതബാധിതരെ മാറ്റിപാര്‍പ്പിച്ച മേപ്പാടി സര്‍ക്കാര്‍ സ്കൂളിലെ ക്യാംപിലെത്തി.

രാഹുൽ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരോട് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. അതിന് ശേഷമാണ് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നത്. ജില്ലയിൽ സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും കാര്യമായ സഹായം കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഇക്കാര്യത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പുത്തുമലയില്‍ മദ്രാസ് റെജിമെന്റില്‍ നിന്നെത്തിയ സൈനികരുടെ നേതൃത്വത്തില്‍ പുത്തുമലയിലെ പാലം ഇന്ന് പുനര്‍നിര്‍മിച്ചു. ഇപ്പോഴും ജില്ലയിലെ പലയിടങ്ങളിലും മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യമുണ്ട്.