കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞു; റെഡ് അലേർട്ട് പിൻവലിച്ചു; മരണ സംഖ്യ 76

single-img
12 August 2019

ഇന്നലെ മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞുതുടങ്ങി. മഴക്കെടുതികളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 76ആയി. മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട് ജില്ലയിലെ പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരുകയാണ്. മഴയുടെ ശക്തി കുറഞ്ഞതോടെ പുഴകളിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.

വെള്ളക്കെട്ട് ഇറങ്ങിയ സ്ഥലങ്ങളിൽ ആളുകൾ ക്യാംപുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. കേരളത്തിൽ1,639 ക്യാംപുകളിലായി 2.5 ലക്ഷത്തിലേറെ ആളുകളാണ് ഇപ്പോഴുള്ളത്. അതിതീവ്രമായ മഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പിൻവലിച്ചു.

മലയോര ജില്ലകളായ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ചില സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പരക്കെ മഴയില്ലാത്തത് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ സഹായകമാകും എന്നാണു പ്രതീക്ഷിക്കുന്നത്.