കേരളം ഉൾപ്പെടെ പ്രളയ ബാധിത സംസ്ഥാനങ്ങളോട് കേന്ദ്രം രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നു: കോൺഗ്രസ്‌ • ഇ വാർത്ത | evartha
Latest News, National

കേരളം ഉൾപ്പെടെ പ്രളയ ബാധിത സംസ്ഥാനങ്ങളോട് കേന്ദ്രം രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നു: കോൺഗ്രസ്‌

പ്രളയം ബാധിച്ച സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുന്നു എന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിൽ 10000 കോടിയുടെ നഷ്ടം സംഭവിച്ച കേരളത്തിന് 3000 കോടി രൂപ മാത്രമാണ് നല്‍കിയതെന്ന് കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രകൃതി ക്ഷോഭ / പ്രളയത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ സംസ്ഥാനങ്ങളോട് പോലും ബിജെപി രാഷ്ട്രീയ പക്ഷപാതം കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം പ്രളയം ബാധിക്കാത്ത ഉത്തര്‍പ്രദേശിന് പ്രളയദുരിതാശ്വാസത്തിന് കഴിഞ്ഞ വര്‍ഷം 200 കോടി നല്‍കിയപ്പോള്‍ എല്ലാ വര്‍ഷവും പ്രളയത്തില്‍ ബുദ്ധിമുട്ടുന്ന അസമിന് 250 കോടി രൂപ മാത്രമാണ് നല്‍കിയത്.

രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ 3000 കോടി ആവശ്യപ്പെട്ടെങ്കിലും നാമമാത്ര തുകയാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ചുരുങ്ങിയത് 10000 കോടിയുടെ നഷ്ടമെങ്കിലും കേരളത്തിന് സംഭവിച്ചപ്പോൾ 3000 കോടി രൂപയുടെ സഹായം മാത്രമാണ് നല്‍കിയത്.

പ്രളയം ബാധിച്ച സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സഹായം അനുവദിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും പക്ഷപാതം അവസാനിക്കണമെന്നും ഷെര്‍ഗില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ഒഴുക്കിയ പണത്തിന്‍റെ 50 ശതമാനമെങ്കിലും ദുരിതത്തിലായര്‍ക്ക് നല്‍കണം, അതോടൊപ്പം പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണം. പ്രളയബാധിത സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന പണം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.