ഡേവിസ് കപ്പ്: പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീമിന് അനുമതി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

single-img
12 August 2019

പാകിസ്താനില്‍ നടക്കാനിരിക്കുന്ന ഡേവിസ് കപ്പ് എഷ്യ/ഓഷ്യാനിയ ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കും. ഇക്കാര്യം കേന്ദ്ര കായികവകുപ്പ് മന്ത്രി കിരണ്‍ റിജിജുവാന് വ്യക്തമാക്കിയത്. കളിക്കാനായി ഇന്ത്യന്‍ ടീമിന് പാകിസ്താനില്‍ പോകാന്‍ കേന്ദ്രം അനുമതി നല്‍കാതിരിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

വരുന്ന മാസം 14നും 15നുമായി ഇസ്ലാമാബാദിലാണ് ഡേവിസ് കപ്പ് മത്സരം നടക്കുക. കേന്ദ്ര സര്‍ക്കാര്‍ കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പാകിസ്താനുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം വഷളായ സാഹചര്യത്തില്‍ ഇന്ത്യയുടെ സന്ദര്‍ശനം ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹം നിലനിന്നിരുന്നു.

ഇപ്പോള്‍ കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയോടെ ഇന്ത്യന്‍ ടീം പാകിസ്താനില്‍ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ഡേവിസ് കപ്പ് എന്നത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഒരു പരമ്പരയല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്തരത്തില്‍ ആയിരുന്നെങ്കില്‍ സര്‍ക്കാര്‍ രാഷ്ട്രീയപരമായ തീരുമാനമെടുക്കുമായിരുന്നു. ഇത് വേള്‍ഡ് സ്‌പോര്‍ട്ടിങ് ബോഡിയുടെ മത്സരമായതിനാല്‍ ഇന്ത്യ കളിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ടൂര്‍ണമെന്റിനായി മഹേഷ് ഭൂപതിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തെ ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ രോഹന്‍ ബൊപ്പണ്ണ, പ്രജ്‌നേഷ് ഗുണേശ്വരന്‍, രാം കുമാര്‍ രാമനാഥന്‍, സാകേത് മെയ്‌നേനി, ദിവിജ് ശരണ്‍, ശശികുമാര്‍ മുകുന്ദ് എന്നിവരാണ് കളിക്കാനിറങ്ങുക.