പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്. കരുതലിന് അങ്ങനെ കണക്കൊന്നുമില്ല…മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംഭാവന നല്‍കുന്ന ചാലഞ്ച് ഏറ്റെടുത്ത് ആഷിക് അബു

single-img
12 August 2019

കാലവർഷക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്ന സംഗീത സംവിധായകന്‍ ബിജിപാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചാലഞ്ച് ഏറ്റെടുത്ത് സംവിധായകന്‍ ആഷിക് അബു. “പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്. കരുതലിന് അങ്ങനെ കണക്കൊന്നുമില്ല” എന്ന് പറഞ്ഞുകൊണ്ടാണ് ബിജിപാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ ആഷിക് അബു, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ജസ്റ്റിന്‍ വര്‍ഗീസ് എന്നീ സിനിമാ പ്രവര്‍ത്തകരെ ടാഗ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ഈ ചാലഞ്ച് ഏറ്റെടുത്ത ആഷിക് അബു തുടർന്ന് കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ ചാലഞ്ച് ചെയ്യുകയും ചെയ്തു. അതേസമയം, മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന വ്യാപകമായ പ്രചരണം ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

വ്യാപകമായി പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങളെ തള്ളി ഞായറാഴ്ച രാത്രി ഒമ്പതുമണി വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 61 ലക്ഷം രൂപയാണ് ലഭിച്ചത്.