ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത ഒരുകാര്യമാണ് ചെയ്തത്, വലിയ കാര്യമാണ്, എല്ലാ നന്മകളും ഉണ്ടാകട്ടെ: നൌഷാദിനോട് മമ്മൂട്ടി

single-img
12 August 2019

മഴക്കെടുതിയുടെ ദുരന്ത മുഖങ്ങളിലേക്ക് സ്വന്തം കടയില്‍ നിന്നും പുതിയ വസ്ത്രങ്ങള്‍ എടുത്ത് നല്‍കി നൌഷാദ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. അതിനു പിന്നാലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ നൌഷാദിനെ അഭിനന്ദിച്ച് രംഗത്തെത്തി. ഇതാ, ഇപ്പോൾ ഇന്നത്തെ പെരുന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് പ്രാര്‍ത്ഥനകളും നന്മകളും നേര്‍ന്നുകൊണ്ട് നടന്‍ മമ്മൂട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. നൗഷാദ് നല്ലൊരു ദിവസമായിട്ട് വലിയ കാര്യമാണ് ചെയ്തതെന്നും എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.

നിങ്ങള്‍ നിങ്ങളുടെ കടയിലുള്ള സാധനങ്ങളൊക്കെ കൊടുത്തുവെന്ന് അറിഞ്ഞു. വളരെ സന്തോഷമുള്ള കാര്യമാണ്, നല്ലൊരു ദിവസമായിട്ട് റാഹത്തായ കാര്യങ്ങള്‍ ചെയ്യുക എന്നത്. അതിനായി പടച്ചോന്‍ അനുഗ്രഹിക്കട്ടെ. ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത ഒരുകാര്യമാണ് ചെയ്തത്. വലിയ കാര്യമാണ്, എല്ലാ നന്മകളും ഉണ്ടാകട്ടെ.- മമ്മൂട്ടി പറഞ്ഞു.

വസ്ത്രങ്ങൾ മുഴുവൻ നൽകിയതോടെ നൌഷാദിനുണ്ടായ നഷ്ടം പങ്കിടാന്‍ നിര്‍മാതാവായ തമ്പി ആന്‍റണി അദ്ദേഹത്തിന് 50,000 രൂപ നല്‍കുമെന്ന് ഉറപ്പ് നല്‍കി. സ്നേഹത്തോടെ ആര്‍ടിസ്റ്റ് ഡാവിഞ്ചി സുരേഷ് നൌഷാദിന്‍റെ രൂപം തുണിയില്‍ വരച്ചിട്ടു. പലരും വിളിച്ച് അനുമോദിച്ചു. തന്റെ പ്രവൃത്തിയാൽ നൌഷാദ് ഒറ്റ രാത്രി കൊണ്ട് താരമാവുകയായിരുന്നു.