വയനാട് പുത്തുമല ദുരന്തം; മരിച്ചവരുടെ എണ്ണം പത്തായി; സൈന്യം ഉള്‍പ്പെടെ കൂടുതൽ രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു • ഇ വാർത്ത | evartha
Kerala, Latest News

വയനാട് പുത്തുമല ദുരന്തം; മരിച്ചവരുടെ എണ്ണം പത്തായി; സൈന്യം ഉള്‍പ്പെടെ കൂടുതൽ രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു

കനത്തമഴയിൽ വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പുത്തുമലയിൽ ഇന്ന് രാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇവിടേക്ക് സൈന്യം ഉൾപ്പെടെ കൂടുതൽ രക്ഷാപ്രവര്‍ത്തകര്‍എത്തിയിട്ടുണ്ട്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ അളവ് കുറഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നൽകുന്നതാണ്.

അപകടത്തിൽപെട്ട ഒമ്പത് പേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്,
നിലവിൽ മഴ മാറി നിൽക്കുകയാണെങ്കിലും മണ്ണും വെള്ളവും മരങ്ങളും പാറക്കല്ലുകളും എല്ലാം വന്നടിഞ്ഞ് ഒരു പ്രദേശമാകെ പ്രളയമെടുത്ത പുത്തുമലയിൽ അത്രപെട്ടെന്ന് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാൻ പറ്റില്ലെന്നാണ് വിലയിരുത്തൽ.

പല സ്ഥലങ്ങളിലും കാലുവച്ചാൽ താഴ്ന്ന് പോകുന്നതരത്തിൽ ചതുപ്പുകൾ രൂപപ്പെടുകയും രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും ചെന്നെത്താൻ കഴിയാത്ത അവസ്ഥയുമാണ് ഇപ്പോഴുമുള്ളത്. ഇവിടെ ചതുപ്പിന്‍റെ ആഴം കണക്കാക്കി മരക്കഷ്ണങ്ങളിട്ട് മൂടി അതുവഴിയാണ് രക്ഷാപ്രവര്‍ത്തകര്‍ ദുരന്തഭൂമിയിലകപ്പെട്ടവരെ കണ്ടെത്താൻ ശ്രമിക്കുന്നത്.

പലയിടത്തും വീടുകളും ആളുകളും അകപ്പെട്ട് പോയ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിലും വലിയ പരിമിതിയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകരും പറയുന്നത്. അതേസമയം തോട്ടം തൊഴിലാളികളുടെ പാടി നിന്നിരുന്നിടത്തിന് സമീപത്തു നിന്ന് ഇന്നും രക്ഷാപ്രവര്‍ത്തകര്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ പുത്തുമല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി.