കവളപ്പാറയില്‍ അപ്രതീക്ഷിത സന്ദർശനം നടത്തി രാഹുല്‍ ഗാന്ധി

single-img
11 August 2019

വയനാട് ജില്ലയിൽ ഉരുൾപൊട്ടലിൽ കനത്ത നാശമുണ്ടായ കവളപ്പാറയില്‍ എംപി രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. ആദ്യം പോത്തുകല്ല് ക്യാംപിലെത്തി ദുരിതബാധിതരെ കണ്ട രാഹുല്‍ വളരെ അപ്രതീക്ഷതമായാണ് കവളപ്പാറയിലെത്തിയത്. ഉരുള്‍പൊട്ടാൻ സാധ്യതയുള്ള അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുന്നത് കൂടി കണക്കിലെടുത്ത് അദ്ദേഹം അഞ്ച് മിനിറ്റ് അവിടെ ചിലവിട്ട ശേഷം മടങ്ങുകയായിരുന്നു. മണ്ഡലത്തിൽ ദുരന്തത്തിൽ അകപ്പെട്ടവരെ ആശ്വസിപ്പിക്കാനായി ഇന്നു രാവിലെയാണ് സ്ഥലം എംപിയായ രാഹുൽഗാന്ധി എത്തിയത്.

കേരളാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഉൾപ്പെടെ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും എല്ലാം രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു. ദുരന്ത ബാധിതരെ നേരിൽ കണ്ട രാഹുൽഗാന്ധി വിവരങ്ങൾ ചോദിച്ചറിയുകയും ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. പിന്നീട് മമ്പാട് എംഇഎസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശിച്ച ശേഷമാണ് രാഹുൽ ഗാന്ധി ഗസ്റ്റ് ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കുന്നത്.

പുത്തുമല, കവളപ്പാറ ഉൾപ്പെടെ വയനാട് മണ്ഡലത്തിലേയും വടക്കൻ കേരളത്തിലാകെയും നിലവിലുള്ള പ്രളയ സമാനമായ സാഹചര്യം കേന്ദ്രസര്‍ക്കാരിനെ ധരിപ്പിക്കുന്നതിനടക്കം മുൻകയ്യെടുക്കുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചിട്ടുണ്ട്.