ദുരന്തമുഖങ്ങളില്‍ പതറാതെ അഗ്നിശമന സേന; വയനാട് ജില്ലയില്‍ കരകയറ്റിയത് 2000ത്തോളം ആളുകളെ

single-img
11 August 2019

വയനാട് ജില്ലയില്‍ രാപകല്‍ ഭേദമില്ലാതെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ് കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി നിലയങ്ങളിലെയും,കോഴിക്കോട് ജില്ലയിലെ വെളളിമാടുകുന്ന്, പേരാമ്പ്ര, മീഞ്ചന്ത, ബീച്ച് സ്റ്റേഷനുകളില്‍ നിന്നുമുളള നൂറ്റി നാല്‍പ്പതിലേറെ ജീവനക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ തുടര്‍ന്ന് അഗ്നിശമന സേനയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളണ്ടിയര്‍ സ്‌കീമിലെ ഇരുന്നൂറോളം അംഗങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തുവരുന്നു.

കൂടാതെ കൊല്ലം, പാലക്കാട് ജില്ലയില്‍ നിന്നുമുളള ഫയര്‍ സര്‍വീസ് സേനാംഗങ്ങളെ ജില്ലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് റീജിയണല്‍ ഫയര്‍ ഓഫീസര്‍ അരുണ്‍ അല്‍ഫോണ്‍സ്, വയനാട് ജില്ലാ ഫയര്‍ ഓഫീസര്‍ വിസി വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനകം നൂറ്റി ഇരുപതിലേറെ അടിയന്തിര സഹായ അഭ്യര്‍ത്ഥനകള്‍ കൈകാര്യം ചെയ്ത സേന രണ്ടായിരത്തോളം പേരെ അപകട മേഖലകളില്‍ നിന്നും രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയുണ്ടായി.

മരങ്ങള്‍ വീണ് പ്രധാന പാതകളില്‍ ഉണ്ടായ അറുപതിലേറെ ഗതാഗത തടസ്സങ്ങളും ഇതിനിടയില്‍ സേന നീക്കം ചെയ്തു. മേപ്പാടി പുത്തുമലയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് കിലോമീറ്ററുകളോളം റോഡ് ഗതാഗതം തടസ്സപ്പെട്ടു കിടന്ന പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് പ്രദേശവാസികള്‍ക്ക് സഹായഹസ്തവുമായി ആദ്യം എത്തിച്ചേര്‍ന്നത് കല്‍പ്പറ്റ നിലയത്തിലെ അഗ്നിശമന സേനാംഗങ്ങളാണ്. വീണ്ടും ഉരുള്‍ പൊട്ടലിനുളള സജീവസാധ്യതയുളള അവിടെ ജീവന്‍ പണയം വെച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.

കൂടാതെ, മുട്ടില്‍ മലയില്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട കരിയാത്തന്‍പാറ കോളനിയില്‍ തുടര്‍ദുരന്ത സാധ്യതാ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ട് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ സേന രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മണിയങ്കോട് സബ് സ്റ്റേഷനു സമീപത്ത് പ്രളയത്തില്‍ മുങ്ങിക്കൊണ്ടിരുന്ന വീട്ടില്‍ നിന്നും തളര്‍വാതം ബാധിച്ച വൃദ്ധ ഉള്‍പ്പെടെ 9 പേരെ 2 കിലോമീറ്ററോളം കൂരിരുട്ടത്ത് ഡിങ്കി തുഴഞ്ഞുചെന്ന് അപകടകരമായ വിധത്തില്‍ കുത്തൊഴുക്കുളള പുഴ മറികടന്ന് എത്തിയ കല്‍പ്പറ്റ നിലയത്തിലെ സേനാംഗങ്ങള്‍ രക്ഷിച്ചത് രാത്രി 3 മണിക്കായിരുന്നു. കൊളവയല്‍ തൊണ്ടുപാടി ഭാഗത്ത് പ്രളയത്തില്‍ അകപ്പെട്ട എഴുപതോളം പേരെ കല്‍പ്പറ്റ യൂണിറ്റ് രക്ഷപ്പെടുത്തിയിട്ടുളളത് വളരെ സാഹസികമായ ശ്രമഫലമായി കുത്തൊഴുക്കിനു കുറുകെ കെട്ടിയ വടത്തിത്തിലൂടെയാണ്.

ചേകാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരത്തില്‍ പിടികിട്ടിയ നാല് യുവാക്കളെ രക്ഷിക്കുവാന്‍ ഒന്നര കിലോമീറ്ററോളം ഡിങ്കി ചുമന്ന് നടന്നെത്തിയ മാനന്തവാടി നിലയത്തിലെ സേനാംഗങ്ങള്‍ കുത്തൊഴുക്കിനെ അതിജീവിച്ച മണിക്കൂറുകളോളം നടത്തിയ ശ്രമഫലമായി മരങ്ങള്‍ക്കിടയില്‍ വടം കെട്ടി അതിസാഹസികമായ രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. കുറുവ ദ്വീപിനു സമീപം കുത്തൊഴുക്കില്‍ അകപ്പെട്ട വീട്ടിനുളളില്‍ നിന്നും കിടപ്പിലായ ഒരു രോഗിയെയും വളരെ സാഹസികമായി മാനന്തവാടി യൂണിറ്റ് രക്ഷിച്ചു. കൂടാതെ കോറോം, പലേരി, കുറുവ, കൊയിലേരി, ഊര്‍പ്പളളി ഭാഗങ്ങളിലെല്ലാം തന്നെ ശക്തമായ ഒഴുക്കിനെ നേരിട്ടുകൊണ്ടുളള രക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

നൂല്‍പ്പുഴ മാതമംഗലം പണിയ കോളനിയില്‍ പ്രളയത്തില്‍ മുങ്ങിയ കുടിലില്‍ നിന്നും ആറുദിവസം പ്രായമായ കൈക്കഞ്ഞിനെയും അമ്മയെയും സ്ട്രക്ചറില്‍ വെച്ചുകെട്ടി വെളളത്തിലൂടെ വളരെ ദൂരം നീന്തിയാണ് സുല്‍ത്താന്‍ബത്തേരി നിലയത്തിലെ സേനാംഗങ്ങള്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ചീരാല്‍ വെളളച്ചാല്‍ കോളനി നിവാസികളെയും ഇതേ വിധത്തില്‍ രക്ഷിക്കുകയുണ്ടായി. പൊന്‍കുഴി ഭാഗത്ത് പ്രളയത്തിലകപ്പെട്ട ബസ്സിനുളളില്‍ നിന്നും 17 പേരെ രക്ഷിക്കുന്നതിനായി നടത്തിയ രക്ഷാപ്രവര്‍ത്തനം കുത്തൊഴുക്ക് നിമിത്തം അത്യന്തം അപകടകരമായിരുന്നു. മുത്തങ്ങ ഭാഗത്ത് പ്രളയത്തില്‍ കുടുങ്ങിയ ലോറിക്കു മുകളില്‍ അകപ്പെട്ടവരെ രക്ഷിച്ചു കൊണ്ടുവരുന്നതിനും കിലോമീറ്ററുകളോളം തുഴഞ്ഞുചെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വയനാട് ജില്ലയുടെ സവിശേഷ ഭൂപ്രകൃതി നിമിത്തം കുത്തൊഴുക്കും ചുഴികളും നിറഞ്ഞ പ്രളയമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ശക്തിയേറിയ എഞ്ചിന്‍ സഹിതമുളള റബര്‍ ഡിങ്കികള്‍ മാത്രമാണ് സുരക്ഷിതമായിട്ടുളളത്.

നാട്ടുകാര്‍ക്ക് രക്ഷാപ്രവര്‍ത്തനം സാധ്യമാകാതെ വരുന്ന അവസരങ്ങളിലാണ് മിക്കപ്പോഴും ഫയര്‍ സര്‍വീസിന്റെ സഹായം തേടുന്നത് എന്നതിനാല്‍ അത്രയും കുത്തൊഴുക്കും ചുഴികളും നിറഞ്ഞ ഭാഗങ്ങളിലായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തേണ്ടി വരുന്നത്. മാനന്തവാടി, കല്‍പ്പറ്റ നിലയങ്ങളിലെ റബര്‍ ഡിങ്കികള്‍ക്കു പുറമെ പ്രളയ സാധ്യത മുന്നില്‍ കണ്ട് കോഴിക്കോട് ജില്ലയിലെ മീഞ്ചന്ത, പേരാമ്പ്ര നിലയങ്ങളിലെ ഓരോ റബര്‍ ഡിങ്കികളും, കൊല്ലം ജില്ലയില്‍ നിന്നുളള ഒരു ഡിങ്കിയും ജില്ലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചിരുന്നു.