ക്യാമ്പുകളില്‍ സാമൂഹ്യ വിരുദ്ധരുടെ ഇടപെടലും സാന്നിധ്യവും ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി • ഇ വാർത്ത | evartha
Breaking News, Kerala

ക്യാമ്പുകളില്‍ സാമൂഹ്യ വിരുദ്ധരുടെ ഇടപെടലും സാന്നിധ്യവും ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പ്രളയദുരന്തവുമായി ബന്ധപ്പെട്ട് ആരംഭിച്ചിട്ടുള്ള ക്യാമ്പുകളിൽ പ്രത്യേക ചുമതലയില്ലാത്ത ആരും പ്രവേശിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേപോലെ, ക്യാമ്പിനുള്ളിൽ പ്രത്യേക അടയാളങ്ങളുമായി കടക്കാന്‍ പാടില്ല. അനാവശ്യമായ ഒരുഅന്തരീക്ഷവും ക്യാമ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദുരന്ത മുഖങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കേണ്ട ചുമതല പോലീസിനാണ്. ക്യാമ്പുകളുടെ ചുമതല റവന്യൂ വകുപ്പിനും.

ക്യാമ്പുകളിൽ സഹായങ്ങളൊരുക്കുന്നതിന് തദ്ദേശ സ്വയംഭരണം വകുപ്പിനും ചുമതലയുണ്ട്. ഇവിടെ കഴിയുന്നവരെ സഹായിക്കാനായി പലരും മുന്നോട്ടുവന്നിട്ടുണ്ട്. സാധനങ്ങള്‍ സമാഹരിച്ച് ഏതെങ്കിലുമൊരു ക്യാമ്പില്‍ എത്തിക്കുന്നതിന് പകരം അതത് ജില്ലകളിലെ കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ചാല്‍ മതി. അവിടെ നിന്നും അത് ആവശ്യമായ സ്ഥലങ്ങളിലേക്കെത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പലപ്പോഴും സാമൂഹ്യ വിരുദ്ധരുടെ ഇടപെടലും സാന്നിധ്യവും ക്യാമ്പുകളില്‍ ഉണ്ടാകുന്നുണ്ട്. ഇത് തടയാന്‍ പോലീസിന് കഴിയണം. – മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായമെത്തിക്കുമ്പോഴും സന്ദര്‍ശിക്കുമ്പോഴും എല്ലാവരും ചിട്ട പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ചിലര്‍ പ്രചാരണം നടത്തുന്നു. അത് നാടിനോടു ചെയ്യുന്ന ഹീനമായ കുറ്റകൃത്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.