ഞങ്ങള്‍ ശ്രീരാമന്റെ പരമ്പരയില്‍പ്പെട്ടവര്‍, പിന്‍ഗാമികള്‍; അവകാശവാദവുമായി രാജസ്ഥാനിലെ ബിജെപി എംപി

single-img
11 August 2019

തന്‍റെ കുടുംബം ശ്രീരാമന്‍റെ പിൻഗാമികൾ ആണെന്ന അവകാശവാദവുമായി ബിജെപി എംപി. രാജസ്ഥാനിലെ ജയ്പൂര്‍ രാജകുടുംബാംഗവും രാജസ്ഥാനിലെ എംപിയുമായ ദിയാ കുമാരിയാണ് തന്‍റെ കുടുംബം ശ്രീരാമന്‍റെ മകന്‍ കുശന്‍റെ പിന്‍ഗാമികളെന്ന് അവകാശപ്പെട്ടത്. ഇന്ന് മാധ്യമപ്രവര്‍ത്തകരോടാണ് ദിയാകുമാരി ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ അയോധ്യക്കേസ് വാദത്തിനിടെ, ശ്രീരാമന്‍റെ വംശമായ രഘുവംശത്തില്‍പ്പെട്ട ആരെങ്കിലും അയോധ്യയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അടങ്ങുന്ന ബെഞ്ച് കൗതുകപൂര്‍വം ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് ശ്രീരാമന്‍റെ പിന്‍ഗാമികളാണെന്ന അവകാശവാദവുമായി ബിജെപി എംപി രംഗത്തെത്തിയത്.

‘ഞങ്ങൾ ശ്രീരാമന്‍റെ പരമ്പരയില്‍പ്പെട്ടവരാണെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. പക്ഷെ എന്തെങ്കിലും താല്‍പര്യത്തിന് വേണ്ടിയല്ല ഇത് പറയുന്നത്. വിവാദമായ ഭൂമിയില്‍ യാതൊരു അവകാശ വാദവും ഉന്നയിക്കില്ല. ഇപ്പോൾ നടക്കുന്ന നിയമ യുദ്ധത്തിലും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. എന്‍റെ ഹൃദയത്തില്‍നിന്ന് വന്ന സത്യമാണ് ഞാന്‍ പറഞ്ഞത്’.- ദിയാകുമാരി പറഞ്ഞു.

ജയ്പുരിലെ സിറ്റി പാലസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളിലെ അവകാശവാദം അനുസരിച്ചുനോക്കിയാൽ നിലവിലെ ജയ്പുര്‍ രാജാവായ പത്മനാഭ് സിംഗ് ശ്രീരാമന്‍റെ മകനായ കുശന്‍റെ 309ാം തലമുറയാണ്. അയോധ്യയിലെ വിവാദമായ തര്‍ക്കഭൂമി കുശന്‍റെ പിന്‍ഗാമികളായ കച് വഹാസിന്‍റെ ഉടമസ്ഥതയിലായിരുന്നുവെന്ന് രാജസ്ഥാന്‍ യൂണിവേഴ്സിറ്റിയിലെ മുന്‍ ചരിത്രവിഭാഗം തലവന്‍ അന്തരിച്ച ആര്‍ നാഥ് അവകാശപ്പെട്ടിരുന്നു.

ഈ കാര്യം പറഞ്ഞുകൊണ്ട് നിരവധി കത്തുകള്‍ അദ്ദേഹം കേന്ദ്ര സര്‍ക്കാറിന് എഴുതുകയും ചെയ്തിരുന്നു. എന്നാൽ, ശാസ്ത്രീയമായ യാതൊരു തെളിവുമില്ലാത്ത വാദങ്ങളാണ് ഇതെന്ന് ഭൂരിഭാഗം ചരിത്ര പണ്ഡിതരും വ്യക്തമാക്കുകയും ചെയ്യുകയുണ്ടായി.