കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തി;തെരച്ചില്‍ ആരംഭിച്ചു • ഇ വാർത്ത | evartha
Breaking News

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തി;തെരച്ചില്‍ ആരംഭിച്ചു

മലപ്പുറം : കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന കവളപ്പാറയിലെ 53 പേരെ കണ്ടത്താനായി സൈന്യം എത്തി. മദ്രാസ് റെജിമെന്റിലെ 30 അംഗ സൈന്യമാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്.

ദുരന്തനിവാരണസേന രാവിലെ തിരച്ചില്‍ തു‍ടങ്ങിയിരുന്നു. രാവിലെ മഴമാറി നിന്നെങ്കിലും ഇപ്പോള്‍ മഴ ചാറുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തകരുടെ എണ്ണത്തിലും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. മലപ്പുറം കവളപ്പാറയില്‍ ഇതുവരെ 9 മൃതദേഹങ്ങള്‍ കണ്ടെത്തി.

മഴ പൂര്‍വാധികം ശക്തി പ്രാപിച്ച്‌ വരുന്നതിന് മുന്‍പ് കഴിയുന്നത്ര ആളുകളെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കാനാണ് സൈന്യം ശ്രമിക്കുന്നത്.
ഇന്നലെ പ്രതികൂല സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നേരത്തെ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ തന്നെ രണ്ട് തവണയാണ് ഉരുള്‍പൊട്ടല്‍ സംഭവിച്ചത്.