രാജ്യത്തെ പ്രവര്‍ത്തിക്കാത്ത വിമാനത്താവളങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 35 കോടി രൂപ

single-img
9 August 2019

ഒരുതവണ പോലും വിമാനങ്ങള്‍ പറക്കാത്ത രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 35.67 കോടി രൂപ. നിലവിൽ രാജ്യത്തെ പ്രവര്‍ത്തനരഹിതമായ 31 വിമാനത്താവളങ്ങളില്‍പ്പെട്ടതാണ് ഈ 27 എണ്ണവും.ഓൺലൈൻ മാധ്യമമായ ‘ദ പ്രിന്റ്’ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായി കേന്ദ്രസര്‍ക്കാരാണ് ഈ വിവരങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ചെലവഴിച്ച തുകയുടെ കണക്കാണ് ഇത്. പുതിയതായി ആരംഭിച്ചത് എന്ന കാരണത്താലാണ്പ്രവര്‍ത്തനരഹിതമായ 31 വിമാനത്താവളങ്ങളില്‍ നാലെണ്ണത്തിനു വേണ്ടി സര്‍ക്കാര്‍ പണം ചെലവഴിക്കാത്തത്.

ഏകദേശം 40.69 കോടി രൂപ ചെലവഴിച്ചാണ് ഈ 27 വിമാനത്താവളങ്ങളും നിര്‍മിച്ചത്. വിമാനങ്ങൾ യാത്ര ചെയ്യുന്നില്ല എങ്കിലും ജീവനക്കാര്‍ക്കു നല്‍കുന്ന ശമ്പളം, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കു നല്‍കുന്ന ചെലവിന്റെ കണക്കിലാണ് സര്‍ക്കാര്‍ ഇത്രയും തുക പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള വിമാനത്താവളങ്ങള്‍ക്കു വേണ്ടി വ്യോമപാത കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ യാത്രക്കാരില്‍ നിന്ന് ആവശ്യം വര്‍ധിച്ചാല്‍ മാത്രമേ അതു സാധിക്കൂവെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു.

ആന്ധ്രാപ്രദേശിലുള്ള ഡോണകൊണ്ട, അരുണാചലിലെ ഡപാരിസോ, സീറോ, അസമിലെ റുപ്‌സി, ഷെല്ല, ബിഹാറിലെ ജോഗ്ബാനി, മുസാഫര്‍പുര്‍, റക്‌സോല്‍, ഗുജറാത്തിലെ ദീസ, ജാര്‍ഖണ്ഡിലെ ചക്കുലിയ, ദേവ്ഗഢ്, ധാല്‍ഭുംഗഢ്, മധ്യപ്രദേശിലെ, ഖണ്ഡ്വ, പന്ന, സത്‌ന, തമിഴ്‌നാട്ടിലെ വെല്ലൂര്‍, തെലങ്കാനയിലെ നദീര്‍ഗുല്‍, വാരങ്കല്‍, ത്രിപുരയിലെ കൈലാഷഹര്‍, കമല്‍പുര്‍, ഖോവായ്, ഉത്തര്‍പ്രദേശിലെ ലളിത്പുര്‍, കാസിയ, ബംഗാളിലെ അസന്‍സോള്‍, ബാലൂര്‍ഘട്ട്, മാള്‍ഡ, കര്‍ണാടകത്തിലെ ബെംഗളൂരു എന്നിവയാണ് 27 വിമാനത്താവളങ്ങള്‍.