മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രീറാമിന് സഹായം; കിംസ് ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറെ പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി

single-img
8 August 2019

മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ തെളിവ് നശിപ്പിക്കാന്‍ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ സഹായിച്ചു എന്ന ആരോപണം നേരിടുന്ന കിംസ് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ എം നജീബിനെ തിരുവനന്തപുരം പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ശ്രീറാമിന്റെ രക്ത പരിശോധനാ സാമ്പിളുകള്‍ ശേഖരിക്കാതെയും പ്രതിയ്ക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു എന്നാണ് ആരോപണം. കിംസ് ആശുപത്രിയുടെ ഈ നടപടിയില്‍ പ്രതിഷേധിച്ച് കിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഇ എം നജീബിനെ പ്രസ് ക്ലബ്ബ് അസോസിയേറ്റ് മെമ്പര്‍ഷിപ്പില്‍ നിന്നും പുറത്താക്കാന്‍ പ്രസ് ക്ലബ്ബ് ഭരണസമിതി തീരുമാനിച്ചതായി പ്രസിഡന്റ് ജി പ്രമോദും സെക്രട്ടറി എം രാധാകൃഷ്ണനും അറിയിക്കുകയായിരുന്നു.