മാവേലി എക്സ്‌പ്രസിന്റെ നൂറുമീറ്റർ മുന്നിലായി ഹൈടെൻഷൻ ലൈനിലേക്ക് മരം വീണു; ലോക്കോപൈലറ്റിന് പരിക്ക്; തീവണ്ടി ഗതാഗതം സ്തംഭിച്ചു

single-img
8 August 2019

തിരുവനന്തപുരത്തുള്ള ചിറയിൻകീഴിന് സമീപം തീവണ്ടി ഓടിക്കൊണ്ടിരിക്കെ പാളത്തിന് മുകളിലെ ഹൈടെൻഷൻ ലൈനിലേക്ക് മരം വീണ് മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എട്ടര മണിക്ക് തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് കടന്നുപോകുന്ന സമയത്താണ് റെയിൽവേ ലൈനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണത്.

അപകടം ഉണ്ടായതിനെ തുടർന്ന് തീവണ്ടി ഗതാഗതം സ്തംഭിച്ചു. വണ്ടിയുടെ നൂറുമീറ്റർ മുന്നിലായാണ് മരം വീണത്. ഇവിടെ സ്റ്റോപ്പില്ലാത്തതിനാൽ വേഗതയിലായിരുന്ന മാവേലി എക്സ്പ്രസിന്റെ എൻജിൻ ഡ്രൈവർ മരം വീഴുന്നതുകണ്ട് ബ്രേക്ക് അമർത്തിയെങ്കിലും നിർത്താൻ സാധിച്ചില്ല.

മുന്നോട്ടു നീങ്ങിയ വണ്ടി വൈദ്യുതിബന്ധം സ്ഥാപിക്കുന്ന പാന്റോഗ്രാഫിൽ ഇടിച്ചശേഷമാണ് വണ്ടിനിന്നത്. മരത്തിന്റെ ചില്ലയിൽ തട്ടിയതിനെത്തുടർന്ന് പാന്റോഗ്രാഫ് തകരുകയും ലോക്കോപൈലറ്റിന് പരിക്കേൽക്കുകയും ചെയ്തു. വെദ്യുതി ബന്ധത്തിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനാൽ ഇതുവഴിയുളള റെയിൽ ഗതാഗതം തടസ്സപ്പെട്ടു.

മലബാർ എക്സ്പ്രസ്, അമൃത എക്സ്പ്രസ്, മംഗലാപുരം എക്സ്പ്രസ് എന്നിങ്ങനെ നിരവധി ട്രെയിനുകൾ വൈകി. വൈകിട്ടുണ്ടായ കനത്തകാറ്റിലും മഴയിലും തിരുവനന്തപുരത്ത് 80ലേറെ സ്ഥലങ്ങളിൽ മരം കടപുഴകി വീണു.