അലഞ്ഞുതിരിയുന്ന പശുക്കളെ ദത്തെടുക്കുന്നവര്‍ക്ക് ദിവസേന 30 രൂപ; പുതിയ പദ്ധതിയുമായി യോഗി സര്‍ക്കാര്‍

single-img
7 August 2019

സംസ്ഥാനത്ത് അലഞ്ഞ് തിരിയുന്ന പശുക്കളെ നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി യുപിയില്‍ യോഗി സര്‍ക്കാര്‍. അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നവെന്ന കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുപി സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചത്.

‘മുഖ്യമന്ത്രി ബേ സഹാര ഗോ വന്‍ഷ്’ എന്നാണ് പദ്ധതിക്ക് പേര് നല്‍കിയത്. സര്‍ക്കാര്‍ വക ഗോശാലകളിലെ ഒരുലക്ഷം പശുക്കളെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി. പദ്ധതി പ്രകാരം ഓരോ പശുവിനും പ്രതിദിനം 30 രൂപ ദത്തെടുക്കുന്ന ആള്‍ക്ക് നല്‍കും. ഇത് ഒരാള്‍ക്ക് പ്രതിമാസം 900 രൂപ വരുമാനം ലഭിക്കുന്ന പദ്ധതിയാണെന്നും തൊഴിലില്ലായ്മ പരിഹരിക്കാന്‍ സഹായകരമാകുമെന്നുമാണ് സര്‍ക്കാര്‍ വാദം.

പശുക്കളെ ദത്തെടുക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പണം നല്‍കുക. ഇതിനായി 105 കോടി ആദ്യഘട്ടത്തില്‍ വകയിരുത്തി. സംസ്ഥാനമാകെ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ സര്‍ക്കാറിന് ബാധ്യതയാണെന്നാണ് വിലയിരുത്തല്‍. 2012ല്‍ നടന്ന കണക്കെടുപ്പ് പ്രകാരം 205 ലക്ഷം കന്നുകാലികളാണ് ഉത്തര്‍പ്രദേശിലുള്ളത്.

ഇത്തരത്തില്‍ ഉള്ളവയില്‍ 10-12 ലക്ഷം ഉടമകള്‍ ഉപേക്ഷിച്ച് അലഞ്ഞുതിരിയുന്നവയാണ്. അതേസമയം 523 രജിസ്റ്റേഡ് ഗോശാലകളാണ് യുപിയില്‍ സര്‍ക്കാര്‍ നടത്തുന്നത്. ഇതിലേക്കായി കോടിക്കണക്കിന് രൂപയാണ് ചെലവാക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 600 കോടി രൂപയാണ് കന്നുകാലികളുടെ ക്ഷേമത്തിന് വകയിരുത്തിയത്.