വനനശീകരണം നടന്നെന്ന് പരാതി; ‘ഉണ്ട’ സിനിമയുടെ ചിത്രീകരണം നടന്ന പാർത്ഥ കൊച്ചി വനമേഖലയിൽ കേന്ദ്ര വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ പരിശോധന

single-img
7 August 2019

ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ‘ഉണ്ട’ സിനിമയുടെ ചിത്രീകരണം നടന്ന കാസർകോട് പാർത്ഥ കൊച്ചി വനമേഖലയിൽ കേന്ദ്ര വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പരിശോധന നടത്തി. സിനിമയുടെ ചിത്രീകരണത്തിനായി വനനശീകരണം നടത്തി എന്ന പരാതിയെ തുടർന്നാണ് കേന്ദ്ര വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പരിശോധന നടത്തിയത്. ഷൂട്ട്‌ പൂര്ത്തിയായാൽ വനമേഖല പൂർവ്വ സ്ഥിതിയിലാക്കുമെന്ന ഉറപ്പിലാണ് കാസർകോട് കാറഡുക്ക പാർത്ഥ കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയത്.

എന്നാൽ സിനിമാ ചിത്രീകരണം പൂർത്തിയായിട്ടും വനഭൂമി പൂർവസ്ഥിതിയിലാക്കിയില്ലെന്ന് കാണിച്ച് ആനിമൽ ലീഗല്‍ ഫോഴ്‌സ് ഇന്റഗ്രേഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിനിമാ ചിത്രീകരണ ആവശ്യത്തിനായി പുറത്ത് നിന്നെത്തിച്ച മണ്ണ് നീക്കം ചെയ്തില്ലെന്നും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ വനത്തിൽ ഉപേക്ഷിച്ചെന്നും സം​ഘടന പരാതിയിൽ ആരോപിച്ചു.

പരാതി ലഭിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാറിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവിട്ടു. മാത്രമല്ല കേസിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രദേശത്ത് കേന്ദ്ര വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇന്ന് പരിശോധനാ സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് കൈമാറുമെന്നും തുടർനടപടികൾ കേന്ദ്ര വനംവകുപ്പ് തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തങ്ങൾ വ്യവസ്ഥകൾ പാലിച്ചാണ് ചിത്രീകരണം നടത്തിയതെന്നും നിയമം ലംഘിച്ചിട്ടില്ലെന്നും സിനിമയുടെ നിർമ്മാതാവായ കൃഷ്ണൻ സേതുകുമാർ പറഞ്ഞു.