ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; നിരോധനാജ്ഞയുടെ പേരില്‍ പ്രതിഷേധിക്കാന്‍ കാശ്മീരി ജനതയെ അനുവദിക്കുന്നില്ല: ഷെഹ്‌ല റാഷിദ്

single-img
7 August 2019

കേന്ദ്ര സർക്കാർ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഉത്തരവിനെതിരെ പ്രതിഷേധിക്കാന്‍ കാശ്മീരി ജനതയെ അനുവദിക്കുന്നില്ലെന്ന് കാശ്മീര്‍ സ്വദേശിനിയായ ആക്ടിവിസ്റ്റ് ഷെഹ്‌ല റാഷിദ്. സംസ്ഥാനത്തിൽ സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് അധികൃതർ പ്രതിഷേധത്തിന് അനുമതി നിഷേധിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം നിരോധനാജ്ഞ നിലനില്‍ക്കെ ജമ്മുവില്‍ ആഹ്ലാദ പ്രകടനം നടത്താന്‍ അനുമതി നല്‍കിയതെന്തിനെന്നും ഷെഹ്‌ല ചോദിക്കുന്നു. ‘ കാശ്മീരികളെല്ലാം തന്നെ വീട്ടു തടങ്കലിലാണ്. എന്നാൽ ജമ്മുവില്‍ ആഹ്ലാദപ്രകടനങ്ങള്‍ക്ക് അനുമതി നല്‍കി. നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കില്‍ എങ്ങനെയാണ് അവര്‍ക്ക് ജമ്മുവില്‍ ആഹ്ലാദപ്രകടനത്തിന് അനുമതി നല്‍കാന്‍ കഴിയുകയും കാശ്മീരില്‍ പ്രതിഷേധം അനുവദിക്കാതിരിക്കുകയും ചെയ്യുക? ഈ രീതിയിലാണ് ഇവിടെ നിയമം നടപ്പിലാക്കുന്നത്.’ ഷെഹ്‌ല പറഞ്ഞതായി ഹാഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

മുൻപ്, കേന്ദ്ര സർക്കാർ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതറിഞ്ഞ് ശ്രീനഗറില്‍ സാധാരണക്കാര്‍ ആഹ്ലാദപ്രകടനം നടത്തുകയാണെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവർ. ബിജെപിയുടെ നേതാവുകൂടിയായ ജിതേന്ദ്ര സിങ് ലോക്‌സഭയിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ശ്രീനഗറിൽ തെരുവുകളില്‍ സാധാരണക്കാരായ ജനങ്ങൾ ആഹ്ലാദിക്കുകയായിരുന്നെന്നും ഭയംകൊണ്ടാണ് പലരും ആഹ്ലാദപ്രകടനത്തില്‍ പങ്കെടുക്കാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.