ശബരിമലയിലെ അക്രമം; പ്രതികളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തും; കുടുക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് ബിജെപി

single-img
7 August 2019

സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ അക്രമം നടത്തിയവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതികളാക്കപ്പെട്ടവരെ ‘പൊതുശല്യക്കാര്‍’ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്.

ഇത്തരത്തിൽ14 പേര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇനിയും കൂടുതല്‍ പേര്‍ക്ക് സമന്‍സ് ലഭിച്ചേക്കുമെന്നാണ് സൂചന. ഇതിൽ കൂടുതലും ബിജെപി, യുവമോര്‍ച്ച, ആര്‍എസ്എസ്, സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. പോലീസ് ഇവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ക്രമസമാധാനപ്രശ്‌നങ്ങളില്‍ ഇടപെടില്ല എന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. മാത്രമല്ല, ഇത് ലംഘിച്ചാല്‍ ശക്തമായ നടപടി നേരിടേണ്ടി വരും.

അതേസമയം ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി തങ്ങളെ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. തീരുമാനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ പറഞ്ഞു. പോലീസ് യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.