ലോകത്തിലെ സമ്പന്നരായ വനിതാ കായിക താരങ്ങൾ; ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടി പി വി സിന്ധു

single-img
7 August 2019

ലോകത്തിലെ ഏറ്റവും കൂടുതല്‍ സമ്പന്നരായ 15 വനിതാ കായിക താരങ്ങളുടെ ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു. 5.5 മില്യണ്‍ ഡോളറിന്‍റെ വാര്‍ഷിക വരുമാനമാണ് സിന്ധുവിന് പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചത്. ഏറ്റവും പുതിയതായി ഫോര്‍ബ്സ് മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് പി വി സിന്ധു.

ഈപട്ടികയില്‍ 29.2 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനവുമായി അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ ജപ്പാന്‍ ടെന്നീസ് താരം നവോമി ഒസാക്കയാണ് സമ്പന്നയായ വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ രണ്ടാമത്. 24.3 മില്യണ്‍ ഡോളറാണ് ഇവരുടെ വാര്‍ഷിക വരുമാനം. അതേപോലെ 11.8 മില്യണ്‍ ഡോളര്‍ വരുമാനവുമായി ആഞ്ജലീന കെര്‍ബര്‍ മൂന്നാം സ്ഥാനത്തുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ 2019 ജൂണ്‍വരെയുള്ള കാലയളവില്‍ ഏറ്റവും കുറഞ്ഞത് അഞ്ച് മില്യണ്‍ ഡോളറെങ്കിലും നേടിയ വനിതാ കായിക താരങ്ങളെയാണ് ഫോര്‍ബ്സ് പരിഗണിച്ചത്. താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രൈസ് മണി, ശമ്പളം, ബോണസ്, പരസ്യവരുമാനം എന്നിവയാണ് പട്ടികയുടെ വരുമാനത്തില്‍ പരിഗണിച്ചത്.