നാഗാലാന്റിലെ ജനങ്ങള്‍ക്ക് പ്രത്യേക അധികാരം; ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കാന്‍ സാധിക്കില്ല: നാഗാലാന്റ് ബിജെപി

single-img
7 August 2019

നാഗാലാന്റ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 371 എ വകുപ്പ് റദ്ദാക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നാഗാലാന്‍റിലെ ബിജെപി.കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് ഈ വിഷയവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്. സംസ്ഥാന നിയമസഭയില്‍ സംസാരിക്കുമ്പോള്‍ നാഗാലാന്‍റ് ബിജെപി അദ്ധ്യക്ഷന്‍ ടിംമജന്‍ ഇംമനയാണ് 371 എ റദ്ദാക്കാനുള്ള ഏത് നീക്കത്തെയും എതിര്‍ക്കുമെന്ന് വ്യക്തമാക്കിയത്.

കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിനെ അംഗീകരിക്കുന്നു. പക്ഷെ അതേപോലെ നാഗാലാന്‍റില്‍ ഏതെങ്കിലും നീക്കം നടത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിനെതിരെ ശക്തമായി നിലകൊള്ളും. ഇവിടെ നാഗ ജനതയുടെ സംശയങ്ങളും, ഭയവും, പരാതിയും, ധാരണകളും എല്ലാം ദില്ലിയിലെ നേതാക്കളുമായി പങ്കുവച്ചിട്ടുണ്ട്.

അവര്‍ നാഗന്മാരായ ജനതയുടെ മൗലികമായ ചരിത്രത്തെ ബഹുമാനിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ സംസ്ഥാന നിയമസഭയില്‍ പറഞ്ഞു.കേന്ദ്രത്തിലെ ബിജെപി ഭരണകക്ഷി അംഗങ്ങള്‍ തന്നെ ഉയര്‍ത്തുന്ന ‘ഒരു രാജ്യം ഒരു നിയമം’ എന്ന മുദ്രവാക്യം നാഗാലാന്‍റിന് ഭീഷണിയാകും എന്ന ആശങ്ക ഉയര്‍ത്തിയതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍റെ വിശദീകരണം.