പിഎസ്‍സി പരീക്ഷയിലെ ക്രമക്കേട്; രണ്ടാം റാങ്കുകാരനായ പ്രണവിന്‍റെ ഫോണിലേക്ക് സന്ദേശം അയച്ചത് പോലീസുകാരന്‍

single-img
7 August 2019

പോലീസിലേക്ക് നടന്ന പിഎസ്‍സി പരീക്ഷയില്‍ ക്രമക്കേട് നടത്താന്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളെ സഹായിച്ചവരില്‍ ഒരാള്‍ പോലീസുകാരന്‍ ആണെന്ന് കണ്ടെത്തൽ. ഫലം വന്നപ്പോൾ റാങ്ക് പട്ടികയില്‍ രണ്ടാം റാങ്കുകാരനായ പ്രണവിന്‍റെ ഫോണിലേക്ക് സന്ദേശം അയച്ചത് പോലീസുകാരനായ ഗോകുല്‍ വി എം ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പരീക്ഷ നടക്കുമ്പോൾ പ്രണവിന്‍റെ ഫോണിലേക്ക് മൂന്ന് നമ്പരുകളില്‍ നിന്നാണ് സന്ദേശം വന്നതെന്ന് പിഎസ്‍സി വിജിലന്‍സ് സംഘം കണ്ടെത്തിയിരുന്നു.

ഈ നമ്പറുകളിൽ ഒന്ന് ഗോകുലിന്‍റെ പേരിലുള്ളതാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. സ്‌പെഷ്യൽ ആംഡ് പോലീസ് ക്യാമ്പിലെ പോലീസുകാരനും പ്രണവിന്‍റെ അയല്‍വാസിയുമാണ് ഗോകുല്‍. പരീക്ഷയിൽ പ്രണവിനെ സഹായിക്കാനായി പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കാനായി ഗോകുൽ കടയിൽ നൽകിയത് പോലീസിന്റെ ഔദ്യോഗിക നമ്പർ ആണെന്നും കണ്ടെത്തിയിട്ടുണ്ട്.

പിഎസ്സിയുടെ കോൺസ്റ്റബിൾ പരീക്ഷ നടക്കുന്ന സമയം പ്രതികളുടെ ഫോണിൽ രണ്ട് മണി മുതൽ മൂന്നേകാല്‍ മണി വരെ സന്ദേശങ്ങളെത്തി എന്ന് പിഎസ്‍സി വിജിലന്‍സിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിവിധ ഫോണ്‍ നമ്പറുകളില്‍ നിന്നാണ് രണ്ട് പ്രതികള്‍ക്കും സന്ദേശങ്ങള്‍ ലഭിച്ചത്.

ഇതിൽ ശിവരഞ്ജിത്തിന്റെ നമ്പറിലേക്ക് 7907508587, 9809269076 എന്നീ നമ്പരുകളിൽ നിന്നും എസ്എംഎസ് വന്നെന്നും പ്രണവിന്റെ 9809555095 എന്ന നമ്പരിലേക്ക് 7907936722, 8589964981, 9809269076 എന്നീ നമ്പരുകളിൽ നിന്നുമാണ് സന്ദേശങ്ങൾ വന്നിരുന്നതെന്ന് പിഎസ്‍സി ചെയര്‍മാന്‍ എം കെ സക്കീർ പറഞ്ഞിരുന്നു.